ജി 20 ഉച്ചകോടിയിൽ വിവിധ ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തും
യു.എ.ഇ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിലെ പ്രധാന നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുക
അബൂദബി: ഈ മാസം ഒമ്പത്, 10 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഭാഗമായി വിവിധ ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉഭയകക്ഷി ചർച്ച നടത്തും. യു.എ.ഇ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിലെ പ്രധാന നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുക. സൗദി കിരീടവകാശി, യു.എ.ഇ പ്രസിഡന്റ് ശൈഖ് സായിദ് അൽ നെഹ്യാൻ എന്നിവർ പങ്കെടുക്കുമെന്നാണ് അവസാനമായി പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതു കൊണ്ട് തന്നെ ഒമാന്റെ നേതൃതലത്തിലുള്ള ഏറ്റവും ഉയർന്ന നേതാവും പങ്കെടുക്കാൻ സാധ്യതയുണ്ട്.
ഉഭയകക്ഷി ചർച്ചകൾ ഈ മുന്ന് രാജ്യങ്ങളുമായി നടക്കുമെന്നാണ് കേന്ദ്ര ഗവൺമെന്റിന്റെ വാർത്താ വിതരണ മന്ത്രാലയം വ്യക്തമാക്കുന്നത്. ചർച്ചകൾ പ്രധാനമായും സാമ്പത്തിക നിക്ഷേപ മേഖലയിൽ ഊന്നിയായിരിക്കും. എല്ലാ ഗൾഫ് രാജ്യങ്ങളുമായും സ്വതന്ത്ര വാണിജ്യ കരാർ ഉൾപ്പെടെ നിരവധി സുപ്രധാന വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകും. ഇന്ത്യൻ കറൻസിയിൽ എണ്ണ വ്യാപാരം എന്ന നിർദേശവും ഇന്ത്യ മുന്നോട്ടു വെക്കും. ഗൾഫിന്റെ സജീവ പങ്കാളിത്തത്തിൽ നടക്കുന്ന അന്താരാഷ്ട്ര ഒത്തുചേരൽ എന്ന നിലക്ക് ഡൽഹിയിലെ ജി 20 ഉച്ചകോടി ശ്രദ്ധേയമാകും.
ഇതുകൂടാതെ ഗൾഫ് സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും. ഇന്ത്യയുമായി കൂടുതൽ അടുക്കാനുള്ള നീക്കം ഏതാനും വർഷങ്ങളായി ഗൾഫ് രാജ്യങ്ങൾ നടത്തുന്നുണ്ട്. ശാക്തികമായിട്ടുള്ള ഒരു ജിയോ പൊളിറ്റിക്കൽ മാറ്റവും ഇക്കാര്യത്തിൽ അവരെ പ്രേരിപ്പിക്കുന്നുണ്ട്. ചൈന, ഇന്ത്യ, റഷ്യ എന്ന് മുന്ന് പ്രധാന രാജ്യങ്ങളിലേക്ക് ഒരു ചുവടു മാറ്റം ഗൾഫ് രാജ്യങ്ങൾ നടത്തുന്ന ഘട്ടത്തിൽ കൂടിയാണ് ഈ ഉച്ചകോടി നടക്കുന്നത്. എന്നാൽ പ്രവാസി മേഖലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയാകുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തയുണ്ടായിട്ടില്ല.
Adjust Story Font
16