യുഎഇ പൊതുമാപ്പ്: അപേക്ഷിക്കേണ്ടത് വിസ നൽകിയ എമിറേറ്റിൽ
പൊതുമാപ്പ് രണ്ട് ദിവസം പിന്നിടുന്നു; യുഎഇയിൽ ഇളവ് തേടി ആയിരങ്ങൾ
ദുബൈ: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിൽ രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ വിസ നൽകിയ എമിറേറ്റിൽ തന്നെ അപേക്ഷ നൽകണമെന്ന് ദുബൈ ജിഡിആർഎഫ്എ അറിയിച്ചു. എന്നാൽ, ദുബൈയിൽ തുടരാൻ ആഗ്രഹിക്കുന്ന ഏത് വിസക്കാർക്കും രേഖകൾ ശരിയാക്കാൻ ദുബൈ ജിഡിആർഎഫ്എയിൽ തന്നെ അപേക്ഷ നൽകാം. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലാണ് പൊതുമാപ്പിന് അപേക്ഷ നൽകുന്നത് സംബന്ധിച്ച് ജിഡിആർഎഫ്എ ബോധവത്കരണം നടത്തുന്നത്. പൊതുമാപ്പിൽ രാജ്യംവിടാൻ ആഗ്രഹിക്കുന്നവർ ഏത് എമിറേറ്റിൽ നിന്നാണോ വിസ സ്വന്തമാക്കിയത്, അതേ എമിറേറ്റിൽ തന്നെ അപേക്ഷ നൽകണമെന്ന് ജിഡിആർഎഫ്എ വ്യക്തമാക്കി. എന്നാൽ, ദുബൈ എമിറേറ്റിൽ ജോലിയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് രേഖകളുമായി ജിഡിആർഎഫ്എ കേന്ദ്രങ്ങളെ സമീപിച്ചാൽ മതി.
അതേസമയം, പൊതുമാപ്പ് ആനൂകൂല്യം രണ്ട് ദിവസം പിന്നിടുമ്പോൾ വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് പ്രവാസികളാണ് ഇളവ് തേടി അധികൃതരെ സമീപിച്ചത്. ദുബൈ എമിറേറ്റിൽ മാത്രം ആദ്യദിവസം ആയിരക്കണക്കിന് അപേക്ഷകർ പൊതുമാപ്പ് കേന്ദ്രങ്ങളിലെത്തി. രണ്ടാം ദിവസം മൂവായിരം പേരുടെ അപേക്ഷകളാണ് പ്രതീക്ഷിക്കുന്നത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ പൊതുമാപ്പുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇതോടൊപ്പം അസോസിയേഷന്റെ ലീഗൽ കമ്മിറ്റിയും പ്രവർത്തനം ആരംഭിച്ചു. ഷാർജ കമ്യൂണിറ്റി പൊലീസ് ഓഫീസർ സഹീദ് അൽ സറൂനി ഉദ്ഘാടനം ചെയ്തു. കോൺസുലേറ്റിലും ജിഡിആർഎഫ്എ അവീർ കേന്ദ്രത്തിലും ഇന്ത്യക്കാർക്കായി കൗണ്ടറുകളും സജീവമാണ്.
Adjust Story Font
16