കുവൈത്ത് അമീറിന്‍റെ വേർപാടിൽ യു.എ.ഇയിൽ മൂന്ന് ദിനം ദുഃഖാചരണം; അനുശോചിച്ച് ഭരണാധികാരികൾ
എല്ലാ സർക്കാർ സ്ഥാപനങ്ങളിലും എംബസികളിലും നയതന്ത്ര കാര്യാലയങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.
ദുബൈ: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്‍റെ വേർപാടിൽ യു.എ.ഇയിൽ മൂന്നു ദിവസത്തെ ദുഃഖാചരണം. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. എല്ലാ സർക്കാർ സ്ഥാപനങ്ങളിലും എംബസികളിലും നയതന്ത്ര കാര്യാലയങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.
കുവൈത്ത് അമീറിന്‍റെ നിര്യാണത്തിൽ യു.എ.ഇയിലെ ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി. കുവൈത്തിന്റെ മുന്നേറ്റത്തിനൊപ്പം ഗൾഫ്, അറബ് കൂട്ടായ്മയുടെ ഐക്യത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ച നേതൃത്വമാണ് വിടവാങ്ങിയതെന്ന് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ആറു പതിറ്റാണ്ടുകാലം കുവൈത്തിനെ സേവിച്ച മഹാനായ ഭരണാധികാരിയായിരുന്നു ശൈഖ്നവാഫ് അൽ അഹമ്മദ് അൽ സബാഹെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം എക്സിൽ കുറിച്ചു.
എല്ലാ ആത്മർഥതയോടും കൂടി തന്‍റെ കർത്തവ്യങ്ങൾ നിറവേറ്റാൻ അദ്ദേഹത്തിന് സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. യു.എ.ഇയുമായി ആത്മബന്ധം കാത്തുസൂക്ഷിച്ച ഭരണാധികാരിയായിരുന്നു കുവൈത്ത് അമീറെന്ന് യു.എ.ഇ എക്സിക്യുട്ടീവ് ചെയർമാനും ദുബൈ കിരീടവകാശിയുമായി ശൈഖ് ഹംദാൻ പറഞ്ഞു.
Adjust Story Font
16