ദുബൈ എക്സ്പോയിലെ 190 ലേറെ രാജ്യങ്ങളുടെ മരങ്ങൾ ഇനി ദുബൈ മണ്ണിൽ വളരും
യു.എ.ഇയുടെ ദേശീയ വൃക്ഷമായ ഗഫും മറ്റ് തനത് തൈകളും നട്ടുപിടിപ്പിച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്
ദുബൈ എക്സ്പോയിൽ പങ്കെടുക്കുന്ന 190 ലേറെ രാജ്യങ്ങളിലെ മരങ്ങൾ ഇനി ദുബൈ മണ്ണിൽ വളരും. യു.എ.ഇ പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായാണ് വിവിധ രാജ്യങ്ങളുടെ തനത് വൃക്ഷതൈകൾ ദുബൈയിൽ നട്ടുവളർത്തുന്ന പദ്ധതിക്ക് തുടക്കമായത്
ദുബൈ എക്സ്പോയിലെ പ്ലാന്‍റ് നഴ്സറിയിലാണ് 190 ലേറെ രാജ്യങ്ങളുടെ വൃക്ഷത്തൈകൾ ഇനി വളർന്ന് പന്തലിക്കുക. 'ലോകത്തിന് യു.എ.ഇയുടെ സന്ദേശം, കാലാവസ്ഥാ വ്യതിയാനത്തിന് എതിരെ ഇപ്പോൾ പ്രവർത്തിക്കാം' എന്ന സന്ദേശവുമായാണ് പദ്ധതി. യു.എ.ഇ പരിസ്ഥിതി മന്ത്രി മറിയം ബിൻത് മുഹമ്മദ് അൽമഹേരി യു.എ.ഇയുടെ ദേശീയ വൃക്ഷമായ ഗഫും മറ്റ് തനത് തൈകളും നട്ടുപിടിപ്പിച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
യു.എ.ഇയിൽ വളരുന്ന സിദർ, അക്കേഷ്യ മരങ്ങളും മന്ത്രി നട്ടു. എക്സ്പോ ഡയറക്ടർ ജനറലും സഹമന്ത്രിയുമായ റീം അൽ ഹാഷ്മിയും ചടങ്ങിൽ പങ്കെടുത്തു. വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും അവരുടെ രാജ്യങ്ങളുടെ തൈകൾ നട്ടു. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്‍റെ പാരമ്പര്യമാണ് ഇതെന്നും, പരിസ്ഥിതി സംരക്ഷണത്തിനായി ലോകം കൈകോർക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചുവരെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൃക്ഷതൈകൾ എക്സ്പോ വേദിയിലെ നഴ്സറിയിൽ നട്ട് കൊണ്ടിരിക്കും. പിന്നീട് അവയെ സംരക്ഷിക്കാനാണ് തീരുമാനം.
Adjust Story Font
16