Quantcast

കുടുംബ ശാക്തീകരണം; പുതിയ മന്ത്രാലയം പ്രഖ്യാപിച്ച് യുഎഇ

മന്ത്രാലയത്തിന് സന സുഹൈൽ നേതൃത്വം നൽകും

MediaOne Logo

Web Desk

  • Updated:

    2024-12-08 16:02:14.0

Published:

8 Dec 2024 3:32 PM GMT

കുടുംബ ശാക്തീകരണം; പുതിയ മന്ത്രാലയം പ്രഖ്യാപിച്ച് യുഎഇ
X

ദുബൈ: കുടുംബങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് പുതിയ മന്ത്രാലയം രൂപവത്കരിച്ച് യുഎഇ. മന്ത്രാലയത്തിന് സന സുഹൈൽ നേതൃത്വം നൽകും. കുടുംബങ്ങളുമായി ബന്ധപ്പെട്ട നയരൂപവത്കരണം, നിയമനിർമാണം, സംരംഭങ്ങൾ എന്നിവയാണ് പുതിയ മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങൾ. പ്രത്യുൽപ്പാദന നിരക്ക് വർധിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യൽ, കുടുംബ ബന്ധങ്ങളിലെ ശൈഥില്യങ്ങൾ കുറയ്ക്കൽ, യുവജനങ്ങൾക്കിടയിൽ വിവാഹത്തെ പ്രോത്സാഹിപ്പിക്കൽ, തൊഴിൽ-ജീവിത സന്തുലിത്വം ഉറപ്പുവരുത്തൽ തുടങ്ങിയ കാര്യങ്ങൾക്ക് മന്ത്രാലയം മേൽനോട്ടം വഹിക്കും.

കുടുംബം രാജ്യത്തിന്റെ മുൻഗണനയും പുരോഗതിയുടെ ആണിക്കല്ലുമാണെന്ന് നിയമം പ്രഖ്യാപിക്കവെ ശൈഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ ഭാവിയുടെ അടിസ്ഥാനമാണ് കുടുംബം. കുടുംബത്തിന്റെ വളർച്ച ശക്തിപ്പെടുത്തി, അതിനെ ശാക്തീകരിക്കേണ്ടത് അനിവാര്യമാണ്. രാജ്യത്തിന്റെ പ്രത്യുൽപാദന നിരക്കും വർധിപ്പിക്കണം. ഇത്തരം പ്രധാനപ്പെട്ട ദേശീയ പ്രശ്‌നങ്ങൾ മന്ത്രാലയം കൈകാര്യം ചെയ്യുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

കുടുംബ-സാമൂഹിക ശാക്തീകരണ പദ്ധതികളിൽ പരിചയസമ്പത്തുള്ള വ്യക്തിയാണ് മന്ത്രിയായി ചുമതലയേൽക്കുന്ന സന സുഹൈൽ. 2021 ഏപ്രിൽ മുതൽ അബൂദബി ഏളി ചൈൽഡ്ഹുഡ് അതോറിറ്റി ഡയറക്ടർ ജനറലാണ്. സാമൂഹിക വികസന മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായിരുന്നു.

സാമൂഹിക വികസന മന്ത്രാലയത്തിന്റെ പേര് സാമൂഹിക ശാക്തീകരണ മന്ത്രാലയം എന്നാക്കി മാറ്റിയതായും ദുബൈ ഭരണാധികാരി അറിയിച്ചു. ഷമ്മ ബിൻത് സുഹൈലിന്റെ നേതൃത്വത്തിലാണ് മന്ത്രാലയം പ്രവർത്തിക്കുക.

TAGS :

Next Story