സഹകരണം ശക്തിപ്പെടുത്താൻ യുഎഇ-ബ്രസീൽ ധാരണ
ബ്രസീൽ പ്രസിഡണ്ട് ലുല ഡി സിൽവയുമായി അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ചർച്ച നടത്തി
അബുദാബി: ജി 20 ഉച്ചകോടിക്കിടെ ബ്രസീൽ പ്രസിഡണ്ട് ലുല ഡി സിൽവയുമായി ചർച്ച നടത്തി അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ചർച്ചയായി. രണ്ട് ധാരണാ പത്രങ്ങളും ഒപ്പുവച്ചു. പ്രസിഡണ്ട് ശൈഖ് മുഹമ്മദിന്റെ പ്രതിനിധിയായാണ് ശൈഖ് ഖാലിദ് ബ്രസീലിൽ നടക്കുന്ന ജി ട്വന്റി ഉച്ചകോടിക്കെത്തിയത്.
സാമ്പത്തികം, നിക്ഷേപം, പുനരുത്പാദന ഊർജം, സുസ്ഥിരത തുടങ്ങിയ നിരവധി വിഷയങ്ങൾ ശൈഖ് ഖാലിദ് ലുല ഡി സിൽവയുമായി ചർച്ച നടത്തി. ഇരുരാഷ്ട്രങ്ങളും തമ്മിൽ അര നൂറ്റാണ്ട് നീണ്ട ഉഭയകക്ഷി ബന്ധം പൂർവാധികം ശക്തിപ്പെടുത്താനും ധാരണയായി.
ബ്രസീലിലെ തന്ത്രപ്രധാന മേഖലയിൽ യുഎഇ നടത്തുന്ന നിക്ഷേപം, ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ ഒന്നിച്ചുള്ള പ്രവർത്തനം എന്നീ വിഷയങ്ങളിലാണ് ഇരുരാഷ്ട്രങ്ങളും ധാരണാ പത്രം ഒപ്പുവച്ചത്. ബ്രസീലിയൻ സ്റ്റേറ്റായ ബഹിയയിൽ പതിനായിരം ഈന്തപ്പനകൾ നട്ടുപിടിപ്പിക്കാനുള്ള യുഎഇ പദ്ധതിയെ ബ്രസീൽ പ്രസിഡണ്ട് പ്രശംസിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ ജി ട്വന്റി ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. നീതിയുക്ത ലോകവും സുസ്ഥിര ഭൂമിയും എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.
Adjust Story Font
16