കനത്ത മഴയിൽ തകർന്ന വീടുകളുടെ അറ്റകുറ്റപ്പണി; 200കോടി ദിർഹം അനുവദിച്ച് യു.എ.ഇ മന്ത്രിസഭ
ദുബൈ ഭരണാധികാരി ശൈഖ്മുഹമ്മദ്ബിൻ റാശിദ്ആൽ മക്തൂമിൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം
ദുബൈ: കനത്ത മഴയിൽ തകർന്ന പൗരന്മാരുടെ വീടുകളുടെ അറ്റകുറ്റപ്പണിക്ക് 200കോടി ദിർഹം അനുവദിച്ച് യു.എ.ഇ മന്ത്രിസഭ. നാശനഷ്ടം വിലയിരുത്താനും നഷ്ടപരിഹാരം വിതരണം ചെയ്യാനും മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തി. രാജ്യം അഭിമുഖീകരിച്ച അസാധാരണ കാലാവസ്ഥയുടെ ആഘാതങ്ങളാണ് യോഗത്തിൽ പ്രധാനമായും ചർച്ചയായത്.
യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്മുഹമ്മദ്ബിൻ റാശിദ്ആൽ മക്തൂമിൻറെ അധ്യക്ഷതയിൽ അബൂദബി ഖസ്ർ അൽ വത്‌നിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
തുടർന്ന്‌സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ച ശൈഖ്മുഹമ്മദ്, അഭൂതപൂർണമായ സാഹചര്യമാണ് രാജ്യം നേരിട്ടതെന്ന് പറഞ്ഞു. സെൻട്രൽ ഓപ്പറേഷൻ റൂമുകൾ വഴി 2 ലക്ഷം സംഭവങ്ങൾ മഴക്കെടുതിയിൽ റിപ്പോർട്ട്‌ചെയ്തുവെന്നും സുരക്ഷാ, എമർജൻസി, ഇന്റീരിയർ ഏജൻസികളിൽ നിന്നുള്ള അംഗങ്ങളും പ്രാദേശിക സംവിധാനങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ടീമംഗങ്ങളെ രംഗത്തിറക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരും അസാധാരണമായ കാലാവസ്ഥാ സാഹചര്യം നേരിടുന്നതിൽ സംഭാവന നൽകിയതായി ശൈഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
വികസിത നഗരങ്ങളിൽ കനത്ത പേമാരി നേരിടുന്നത് എങ്ങനെയെന്നത് സംബന്ധിച്ചും ഏതെല്ലാം കാര്യങ്ങൾ മെച്ചപ്പെടുത്തണമെന്നതിനെ കുറിച്ചും കൂടുതൽ വിലയിരുത്തൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‌വേണ്ടി അക്ഷീണം പ്രയത്‌നിച്ച അടിയന്തര ദുരന്തനിവാരണ കേന്ദ്രങ്ങൾ, സുരക്ഷാ, സൈനിക ഉദ്യോഗസ്ഥർ, സിവിൽ അധികാരികൾ, ഫെഡറൽ, പ്രാദേശിക സർക്കാരുകൾ, സന്നദ്ധപ്രവർത്തകർ, സ്വദേശികൾ, വിദേശികൾ ഉൾപ്പെടെ എല്ലാവർക്കും നന്ദിയറിയിക്കുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു.
Adjust Story Font
16