യു.എ.ഇ 'സെപ' കരാർ ഗുണം ചെയ്തു; ഇന്ത്യയിൽനിന്നുള്ള കയറ്റുമതിയിൽ കുതിപ്പ്
യു.എ.ഇയിലേക്കുള്ള കയറ്റുമതി 14.5% ഉയർന്നു
ഇന്ത്യയും യു.എ.ഇയും തമ്മിൽ ഒപ്പിട്ട 'സെപ' കരാർ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിൽ വൻ കുതിപ്പിന് കാരണമായെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്കുള്ള എണ്ണയിതര കയറ്റുമതിയിൽ 14.5 ശതമാനത്തിന്റെ വാർഷിക വർധന രേഖപ്പെടുത്തി. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
യു.എ.ഇയും ഇന്ത്യയും തമ്മിൽ ഫെബ്രുവരിയിൽ ഒപ്പിട്ട സമഗ്ര വാണിജ്യ സഹകരണ കരാർ അഥവാ 'സെപ' നാലുമാസം മുമ്പാണ് പ്രാബല്യത്തിലായത്. ഇതിന് ശേഷം ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിലെ കണക്കാണ് കേന്ദ്ര വാണിജ്യ വ്യവാസായ മന്ത്രാലയം പുറത്തുവിട്ടത്. മെയ് ഒന്ന് മുതൽ സെപ നിലവിൽ വന്നെങ്കിലും ആദ്യത്തെ ഒരുമാസം പരീക്ഷണ കാലയളവായതിനാൽ റിപ്പോർട്ടിൽ ഉൾപെടുത്തിയിട്ടില്ല.
ജൂൺ മുതൽ ആഗസ്റ്റ് വരെ 5.92 ശതകോടി ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5.17 ശതകോടി ഡോളറായിരുന്നു കയറ്റുമതി. ഈ കാലയളവിൽ ആഗോളതലത്തിൽ ഇന്ത്യയുടെ എണ്ണയിതര കയറ്റുമതി മൂന്ന് ശതമാനം ഉയർന്നിരുന്നു. ഇതിന്റെ മൂന്നിരട്ടിയാണ് യു.എ.ഇയിലേക്കുള്ള കയറ്റുമതി വളർച്ച. ഇന്ത്യയിലേക്ക് യു.എ.ഇയിൽ നിന്നുള്ള ഇറക്കുമതിയും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 5.56 ശതകോടി ഡോളറായിരുന്നെങ്കിൽ പുതിയ റിപ്പോർട്ടനുസരിച്ച് 5.61 ശതകോടി ദിർഹമായി ഉയർന്നു. ഇന്ത്യക്ക് പുറമെ ഇസ്രായേൽ, ഇൻഡോനേഷ്യ എന്നിവരുമായും യു.എ.ഇ സെപ കരാർ ഒപ്പുവെച്ചിട്ടുണ്ട്. തുർക്കിയുമായി വൈകാതെ കരാർ ഒപ്പുവെക്കും.
Adjust Story Font
16