ഗസ്സയിലെ ആശുപത്രികൾ ലക്ഷ്യംവെച്ചുള്ള ഇസ്രായേൽ ആക്രമണങ്ങളെ അപലപിച്ച് യു.എ.ഇ
അടിയന്തിരമായി വെടിനിർത്തൽ പ്രഖ്യാപിക്കാനും മാനുഷിക സഹായങ്ങൾ കടത്തിവിടാനും നടപടി വേണമെന്നും യു.എ.ഇ
ദുബൈ: ഗസ്സയിലെ ആശുപത്രികൾ ലക്ഷ്യംവെച്ചുള്ള ഇസ്രയേൽ ആക്രമണങ്ങളെ അപലപിച്ച് യു.എ.ഇ. യു.എൻ രക്ഷാ സമിതിയിൽ കഴിഞ്ഞ ദിവസം നടന്ന ഗസ്സ-ഇസ്രയേൽ യുദ്ധത്തെ കുറിച്ച ചർച്ചയിൽ യു.എ.ഇ അംബാസഡർ ലെന നുസൈബയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിരപരാധികളുടെ കൂട്ടക്കുരുതി, പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി
ഗസ്സയിലെ ആരോഗ്യ പരിപാലന സംവിധാനങ്ങളെ ലക്ഷ്യംവെച്ച് എൺപതോളം ആക്രമണങ്ങൾ ഇതിനകം ഇസ്രയേൽ നടത്തിയതായി യു.എ.ഇ പ്രതിനിധി രക്ഷാസമിതിക്കു മുമ്പാകെ വ്യക്തമാക്കി. 20 ആശുപത്രികളും ക്ലിനിക്കുകളും തകർപ്പെട്ടു.സിവിലിയൻ ജനതയോട് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യാൻ ആവശ്യപ്പെടുന്നത് ക്രൂരതയും നിരുത്തവാദപരവുമായ സമീപനമാണെന്നും ലെന നുസൈബ പറഞ്ഞു.
ഗസ്സയിലെ യു.എൻ അഭയാർഥി ക്യാമ്പുകളിൽ 65,000ത്തിലേറെ പേർ താമസിക്കുന്നുണ്ട്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പ്രകാരം സംരക്ഷിത ഇടം കൂടിയാണിത്. ഈ കേന്ദ്രങ്ങൾ വിട്ടുപോകാനുള്ള മുന്നറിയിപ്പുകൾ അംഗീകരിക്കാനാവില്ല. ഫോൺ, ഇന്റർനെറ്റ്സേവനങ്ങൾ തടയുന്നതും അപലപനീയമാണ്. അടിയന്തിരമായി വെടിനിർത്തൽ പ്രഖ്യാപിക്കാനും മാനുഷിക സഹായങ്ങൾ കടത്തിവിടാനും നടപടി വേണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു.
ഗസ്സയിലെ സാഹചര്യം ചർച്ച ചെയ്യാൻ യു.എൻ രക്ഷാസമിതിയുടെ അടിയന്തിര യോഗം യു.എ.ഇയുടെ ആവശ്യപ്രകാരമാണ് തിങ്കളാഴ്ച രാത്രി ചേർന്നത്. യു.എൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതലയുള്ള മാർട്ടിൻ ഗ്രിഫിത്ത്, ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഏജൻസി തലവൻ എന്നിവർ ഗസ്സയിലെ സ്ഥിതിഗതികൾ വിശദീകരിച്ചു. 15അംഗ യു.എൻ രക്ഷാസമിതയിൽ നടപ്പുവർഷത്തെ താൽക്കാലിക അംഗത്വ പദവിയാണ്യു.എ.ഇക്കുള്ളത്.
Adjust Story Font
16