ജൂലൈ 18 യൂണിയൻ പ്രതിജ്ഞാദിനമായി പ്രഖ്യാപിച്ച് യു.എ.ഇ
1971 ജൂലൈ 18നാണ് രാഷ്ട്രപിതാവ് ശൈഖ് സായിദും മറ്റ് നേതാക്കളും ചേർന്ന് രാജ്യത്തിന്റെ പേരും, ഭരണഘടനയും പ്രഖ്യാപിച്ചത്
ദുബൈ : ജുലൈ 18 യു.എ.ഇ ഇനി മുതൽ യൂണിയൻ പ്രതിജ്ഞാദിനമായി ആചരിക്കും. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദേശീയപ്രാധാന്യമുള്ള യു.എ.ഇക്ക് നാലാമത്തെ ദിനമായിരിക്കും യൂണിയൻ പ്രതിജ്ഞാ ദിനം.
1971 ൽ രാഷ്ട്രപിതാവ് ശൈഖ് സായിദും മറ്റ് നേതാക്കളും ചേർന്ന് രാജ്യത്തെ പേരും, ഭരണഘടനയും പ്രഖ്യാപിച്ച ദിവസമാണ് ജൂലൈ 18. രാജ്യത്തിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ഈ ദിവസത്തിന്റെ ഓർമ നിലനിർത്താനാണ് ഈ ദിവസം യൂണിയൻ പ്ലഡ്ജ് ഡേ ആയി ആഘോഷിക്കാൻ തീരുമാനിച്ചത്.
1971 ഡിസംബർ രണ്ടിനാണ് യു.എ.ഇ എന്ന രാജ്യം രൂപീകൃതമായത്. ഈ ദിവസം യൂണിയൻ ഡേ ആയാണ് ആഘോഷിക്കാറ്. നവംബർ മൂന്ന് യു.എ.ഇ പതാകദിനമായും, നവംബർ 30 രാജ്യത്തിന് വേണ്ടി ജീവൻനൽകിയവർക്കുള്ള സ്മരണാദിനമായും രാജ്യം ആചരിക്കുന്നുണ്ട്. ഇതിന് പുറമേയാണ് ജുലൈ 18 ന് യൂണിയൻ പ്രതിജ്ഞാ ദിനമായി ആചരിക്കുക. രാജ്യത്തിന്റെ ചരിത്രത്തിലേക്കും, രാഷ്ട്ര രൂപീകരണത്തിനായി നടന്ന പ്രയത്‌നങ്ങളിലേക്കും പുതു തലമുറയുടെ ശ്രദ്ധ ആകർഷിക്കാൻ കൂടിയാണ് യൂണിയൻ പ്ലജ് ഡേ ആചരണമെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
Adjust Story Font
16