സാമ്പത്തിക വളർച്ചയിൽ മുന്നേറ്റം കുറിച്ച് യു.എ.ഇ
അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌ഘടനയാണ് യു.എ.ഇയുടെത്
സാമ്പത്തിക വളർച്ചയിൽ മുന്നേറ്റം കുറിച്ച് യു.എ.ഇ. ഈ വർഷം ആദ്യ പാദത്തിൽ 8.4 ശതമാനം വളർച്ച നേടാൻ രാജ്യത്തിനായി. 2011ന് ശേഷം സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌ഘടനയാണ് യു.എ.ഇയുടെത്. ആഗോളതലത്തിൽ ഇന്ധനവിലയിലുണ്ടായ വർധനയും കോവിഡ് പ്രതിരോധത്തിൽ പുലർത്തിയ മികവുമാണ് യു.എ.ഇ സമ്പദ്വ്യവസ്ഥക്ക് ഗുണകരമായത്. ആദ്യ പാദത്തിലെ മൊത്ത ആഭ്യന്തര ഉൽപ്പാദന വളർച്ച യു.എ.ഇ സെൻട്രൽ ബാങ്ക് നേരത്തെ കണക്കാക്കിയതിനും മുകളിലെത്തി. എണ്ണവിലക്കൊപ്പം വിനോദസഞ്ചാരം, പ്രോപ്പർട്ടി മേഖല എന്നിവയുടെയും സംഭാവനകൾ വളർച്ചക്ക് ആക്കം കൂട്ടി.
മഹാമാരിയുടെ പ്രത്യാഘാതങ്ങൾ ഏറ്റവും വേഗത്തിൽ മറികടക്കാനും മനുഷ്യന്‍റെ ആരോഗ്യവും സാമ്പത്തിക താൽപര്യങ്ങളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താനും സാധിച്ചിതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ വർഷം ആദ്യ ആറ് മാസത്തെ യു.എ.ഇയുടെ വിദേശ വ്യാപാരം 1ട്രില്യൺ ദിർഹം കവിഞ്ഞു.
കോവിഡിന് മുമ്പുള്ള ഇതേ കാലയളവിൽ 840ശതകോടി ദിർഹമായിരുന്നു വിദേശ വ്യാപാരത്തിൽ നിന്നുള്ള സംഭാവന. കഴിഞ്ഞ ആറുമാസം ടൂറിസം മേഖലയുടെ വരുമാനം 19ശതകോടി ദിർഹത്തിലേറെയായി.. ഈ കാലയളവിൽ മൊത്തം ഹോട്ടൽ അതിഥികളുടെ എണ്ണം 1.2 കോടിയിലെത്തി. കോവിഡിന് മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ഹോട്ടൽ താമസക്കാരുടെ എണ്ണത്തിൽ 42 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത് .
Adjust Story Font
16