Quantcast

അറബ് പാർലമെന്റ് അധ്യക്ഷ പദവി യുഎഇക്ക്

യുഎഇ അംഗം അഹ്‌മദ് അൽ യമാഹിയെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുത്തു

MediaOne Logo

Web Desk

  • Published:

    26 Oct 2024 5:02 PM GMT

UAE holds the presidency of the Arab Parliament
X

ദുബൈ: അറബ് ലീഗിന്റെ നിയമനിർമാണ സഭയായ അറബ് പാർലമെന്റിന്റെ അധ്യക്ഷ പദവി യുഎഇക്ക്. യുഎഇ അംഗം അഹ്‌മദ് അൽ യമാഹിയെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. മൂന്നാം തവണയാണ് യുഎഇ അറബ് പാർലമെന്റിന്റെ അധ്യക്ഷ പദം ഏറ്റെടുക്കുന്നത്.

കൈറോയിലെ അറബ് ലീഗ് ആസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പിലാണ് മുഹമ്മദ് അഹ്‌മദ് അൽ യമാഹി അറബ് പാർലമെന്റിന്റെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. യുഎഇ പാർലമെന്ററി ബോഡിയായ ഫെഡറൽ നാഷണൽ കൗൺസിൽ അംഗമാണ് അഹ്‌മദ് അൽ യമാഹി. പശ്ചിമേഷ്യൻ നയതന്ത്ര മേഖലയിൽ യുഎഇയുടെ പ്രാധാന്യം വരച്ചു കാട്ടുന്നതാണ് അധ്യക്ഷ പദവി. രണ്ടു വർഷമാണ് കാലാവധി. നേരത്തെ, 2012 ലും 2016 ലും അറബ് പാർലമെന്റ് അധ്യക്ഷ പദവി യുഎഇക്ക് ലഭിച്ചിരുന്നു.

അംഗരാജ്യങ്ങൾക്കിടയിൽ സഹകരണം ശക്തമാക്കി പാർലമെന്ററി സംവിധാനത്തെ ശക്തിപ്പെടുത്തുമെന്ന് അഹ്‌മദ് അൽ യമാഹി പ്രതികരിച്ചു. നയതന്ത്ര-ഭരണ മേഖലകളിൽ യുഎഇ രാഷ്ട്ര നേതൃത്വത്തിന്റെ നേട്ടമാണ് തന്റെ അധ്യക്ഷ പദവിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറബ് പാർലമെന്ററി സംവിധാനങ്ങളിൽ സജീവമായി ഇടപെടുന്ന രാഷ്ട്രമാണ് യുഎഇ. സാമ്പത്തികം, ധനം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങി പാർലമെന്റിന് കീഴിലുള്ള നിരവധി കമ്മിറ്റികൾക്ക് നേതൃത്വം നൽകുന്നത് യുഎഇയാണ്.

പശ്ചിമേഷ്യ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന വേളയിലാണ് അറബ് പാർലമെന്റിന്റെ നേതൃപദവി യുഎഇക്ക് കൈവരുന്നത്. മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ യുഎഇ നടത്തുന്ന ശ്രമങ്ങൾക്ക് പുതിയ സ്ഥാനലബ്ധി കരുത്തു പകരുമെന്നാണ് പ്രതീക്ഷ.

TAGS :

Next Story