പ്രാദേശിക കറൻസികളിൽ ഇടപാട് നടത്താൻ യു.എ.ഇ - ഇന്ത്യ ധാരണ
പ്രധാനമന്തി നരേന്ത്രമോദി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം
അബൂദബി: ഡോളറിന് പകരം പ്രാദേശിക കറൻസികളിൽ ഇടപാടുകൾ നടത്താൻ യു.എ.ഇയും ഇന്ത്യയും തമ്മിൽ ധാരണയുണ്ടാക്കി. പ്രധാനമന്തി നരേന്ത്രമോദി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രുപയിൽ എണ്ണ ഇറക്കുമതി ഇടപാട് ഉൾപ്പടെ നടക്കുന്നത് ഇന്ത്യക്ക് നേട്ടമാകും. രണ്ട് ദിവസത്തെ ഫ്രഞ്ച് പര്യടനം കഴിഞ്ഞ് ഇന്നാണ് പ്രധാനമന്ത്രി യു.എ.ഇയിലെത്തിയത്.
ശൈഖ് മുഹമ്മദ് ബിൻ സായിദുമായുള്ള കൂടിക്കാഴ്ച ഇരു രാജ്യങ്ങളുടെയും സൗഹൃദത്തെ ശക്തിപ്പെടുത്തുമെന്നും ജനങ്ങൾക്ക് ഗുണകരമാകുമെന്നും പ്രധാനമന്ത്രി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ അഞ്ചാമത് ഗൾഫ്, യുഎഇ സന്ദർശനമാണിത്. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് നേതാക്കൾ ചർച്ച ചെയ്യുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഇരു രാജ്യങ്ങളും സമഗ്ര സാമ്പത്തിക സഹകരണ കരാർ ഒപ്പുവെച്ചിരുന്നു. ഇതിനു ശേഷം ഇരു രാജ്യങ്ങളും തമ്മിൽ വ്യപാര-നയതന്ത്ര തലത്തിലുള്ള ബന്ധം ശക്തമാണ്. നിരവധി ഉൽപന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറയാനും ചരക്ക്-സേവന നീക്കം എളുപ്പമാക്കാനും വഴിയൊരുക്കിയതാണ് കരാർ. ഇതിലൂടെ അഞ്ചു വർഷംകൊണ്ട് ഉഭയകക്ഷി വ്യാപാരം 6000കോടി ഡോളറിൽനിന്ന് 10,000 കോടി ഡോളറായി വർധിക്കുമെന്നാണ് കണക്കാക്കുന്നത്.
Adjust Story Font
16