എഐയിൽ 50 ബില്യൺ യൂറോയുടെ വമ്പൻ നിക്ഷേപം നടത്തി യുഎഇ
ഫ്രാൻസിൽ കൂറ്റൻ ഡാറ്റ സെന്റർ സ്ഥാപിക്കും

ദുബൈ: നിർമിത ബുദ്ധി (എഐ) മേഖലയിൽ അമ്പത് ബില്യൺ യൂറോയുടെ വമ്പൻ നിക്ഷേപം നടത്തി യുഎഇ. ഫ്രാൻസിൽ നിർമിക്കുന്ന കൂറ്റൻ എഐ ഡാറ്റാ സെന്ററിലാണ് യുഎഇ മുതൽ മുടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇരുരാഷ്ട്രങ്ങളും ഒപ്പുവച്ചു.
എഐ മേഖലയുടെ ആഗോള ഭാവി മുന്നിൽക്കണ്ടാണ് യുഎഇ ഫ്രഞ്ച് ഗവൺമെന്റുമായി സഹകരിക്കുന്നത്. ഒരു ജിഗാവാട്ട് ശേഷിയുള്ള എഐ ഡാറ്റ സെന്ററിലാണ് രാജ്യം 500 കോടി യൂറോയുടെ നിക്ഷേപം നടത്തുക. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണിന്റെ ഓഫീസാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
നിർമിതബുദ്ധി മേഖലയിൽ ഗവേഷണവും നൈപുണ്യവും ലക്ഷ്യമിടുന്ന എഐ ക്യാംപസാണ് ഡാറ്റ സെന്ററിന്റെ പ്രധാന സവിശേഷത. ഇരുരാജ്യങ്ങളിലെയും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറും സോവറീൻ എഐയും വികസിപ്പിക്കാൻ വിർച്വൽ ഡാറ്റ എംബസിയും വിഭാവനം ചെയ്യുന്നുണ്ട്. ഫ്രാൻസും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പതിന്മടങ്ങ് ശക്തിപ്പെടുത്താൻ സഹായകരമാകുന്നതാണ് എഐ മേഖലയിലെ സഹകരണം.
നിർമിതബുദ്ധിയുടെ ഉപയോഗത്തിൽ ഉത്തരവാദിത്തപരമായ സമീപനം സ്വീകരിക്കുമെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ അടുത്തയാഴ്ച നടക്കുന്ന ആർടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിലും ശൈഖ് മുഹമ്മദ് പങ്കെടുക്കും. നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഉച്ചകോടിക്കെത്തുന്നത്.
Adjust Story Font
16