ഹിജ്‌റ വർഷാരംഭം; യു.എ.ഇയിൽ സ്വകാര്യ മേഖലയിലെ അവധി പ്രഖ്യാപിച്ചു
സാധാരണ ഞായറാഴ്ചകളിൽ അവധി ലഭിക്കുന്നവർക്ക് ശനിയാഴ്ച കൂടി അവധിയാകുന്നതോടെ രണ്ടുദിവസത്തെ തുടർച്ചയായ അവധി ആസ്വദിക്കാം
ഹിജ്‌റ വർഷാരംഭത്തോടനുബന്ധിച്ച് (ഹിജ്‌റ വർഷം 1444) യു.എ.ഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചു. ജൂലൈ 30 ശനിയാഴ്ചയാണ് ഔദ്യോഗിക ശമ്പളത്തോടെ തന്നെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി ലഭിക്കുക. പൊതു-സ്വകാര്യ മേഖലകളിലെ ഔദ്യോഗിക അവധികൾ ഏകീകരിക്കാൻ യു.എ.ഇ കാബിനറ്റ് പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് ശനിയാഴ്ച അവധി നൽകുന്നതെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) അറിയിച്ചു.
ഏകീകൃത അവധി സംവിധാനത്തിലൂടെ സ്വദേശികൾക്കും സർക്കാർ വകുപ്പുകളിലും സ്വകാര്യ കമ്പനികളിലും ജോലി ചെയ്യുന്ന പ്രവാസികൾക്കും ദേശീയമോ മതപരമോ ആയ പരിപാടികൾക്ക് ഒരേ ദിവസം തന്നെ ഔദ്യോഗിക അവധിക്ക് അർഹതയുണ്ടായിരിക്കും.
ചാന്ദ്രവർഷം അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമാണ് മുഹറം. ജൂലൈ 30 ന് മുഹറം ആരംഭിക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്റർനാഷണൽ യൂണിയൻ ഫോർ അസ്‌ട്രോണമി ആൻഡ് സ്‌പേസ് സയൻസസിലെ അംഗമായ ഇബ്രാഹിം അൽ ജർവാൻ അഭിപ്രായപ്പെടുന്നത്. ഒരു നീണ്ട വാരാന്ത്യ അവധി ലഭിക്കില്ലെങ്കിൽപോലും ശനിയാഴ്ചകളിൽ ജോലി ചെയ്യുന്ന ചില സ്വകാര്യമേഖലാ തൊഴിലാളികൾക്ക് ഇത് ചെറിയ ആശ്വാസമായിരിക്കും. അതേ സമയം സാധാരണ ഞായറാഴ്ചകളിൽ അവധി ലഭിക്കുന്നവർക്ക് ശനിയാഴ്ച കൂടി അവധിയാകുന്നതോടെ രണ്ടുദിവസത്തെ തുടർച്ചയായ അവധി ആസ്വദിക്കാം.
ഇതു കൂടാതെ, പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഒക്ടോബർ 8ന് പൊതുഅവധിയായി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഇതും ഒരു ശനിയാഴ്ചയായിരിക്കും. അടുത്ത നീണ്ട പൊതു അവധി ഇനി യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് ലഭിക്കുക. ഡിസംബർ 1 വ്യാഴം മുതൽ, ഡിസംബർ 4 ഞായറാഴ്ച വരെ നാല് ദിവസമാണ് അന്ന് അവധിയായി ലഭിക്കുക.
Adjust Story Font
16