ഗസ്സക്ക് ദാഹജലം പകരാൻ യു.എ.ഇ; കടൽവെള്ള ശുദ്ധീകരണ പ്ലാന്‍റുകള്‍ സ്ഥാപിച്ചു
ഓരോ ദിവസവും ഏകദേശം 6,00,000 ഗാലൻ കടൽജലം സംസ്കരിച്ച് ഗസ്സയിലെ പൈപ്പ് ശൃംഖലയിലൂടെ അയക്കും
ദുബൈ: യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനതക്ക് ദാഹമകറ്റാൻ ശുദ്ധജല പ്ലാൻറുകൾ സ്ഥാപിച്ച് യു.എ.ഇ. കടൽവെള്ളം ശുദ്ധീകരിക്കുന്ന മൂന്ന് പ്ലാൻറുകളാണ് റഫ അതിർത്തിയുടെ ഈജിപ്ത് ഭാഗത്ത് നിർമിച്ചിട്ടുള്ളത്. സംവിധാനങ്ങളുടെ ഉദ്ഘാടനം യു.എ.ഇ രാഷ്ട്രീയകാര്യ അസി. മന്ത്രിയും യു.എന്നിലെ സ്ഥിരം പ്രതിനിധിയുമായ ലന നുസൈബ നിർവഹിച്ചു.
യു.എൻ രക്ഷാസമിതിയിലെ നിരവധി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പദ്ധതി ഗസ്സൻ ജനതക്ക് സമർപ്പിച്ചത്. യു.എ.ഇയുടെയും ഈജിപ്തിന്‍റെയും സഹകരണത്തിലാണ് യു.എൻ പ്രതിനിധികൾ റഫ അതിർത്തിയിലെത്തിയത്. ദുരിതത്തിലായ ഗസ്സയിലെ ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി യു.എ.ഇ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ്ശുദ്ധീകരണ പ്ലാന്‍റുകൾ നിർമിച്ചത്. കുടിവെള്ളത്തിന്‍റെ കുറവ് പ്രദേശം നിലവിൽ അനുഭവിക്കുന്നുണ്ട്.
മൂന്ന് പുതിയ ഡീസലൈനേഷൻ പ്ലാന്റുകളിൽ നിന്നായി മൂന്നു ലക്ഷം പേർക്ക് കുടിവെള്ളം നൽകാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. ഓരോ ദിവസവും ഏകദേശം 6,00,000 ഗാലൻ കടൽജലം സംസ്കരിച്ച് ഗസ്സയിലെ പൈപ്പ് ശൃംഖലയിലൂടെ അയക്കും.
യു.എ.ഇ നടപ്പിലാക്കുന്ന 'ഗാലന്റ് നൈറ്റ്-3' ഓപറേഷന്‍റെ ഭാഗമായാണ് റഫയില്‍ മൂന്ന് പ്ലാന്റുകള്‍ നിര്‍മ്മിക്കാൻ പദ്ധതിയിട്ടത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആല്‍ നഹ്യാന്റെ നിര്‍ദേശമനുസരിച്ച് ഫലസ്തീൻ ജനതയെ സഹായിക്കുന്നതിന് നവംബർ അഞ്ചിനാണ് 'ഗാലന്റ് നൈറ്റ്-3' ഓപറേഷൻ പ്രഖ്യാപിച്ചത്. എമിറേറ്റ്സ് റെഡ് ക്രസൻറാണ് ഗസ്സയിലെ യു.എ.ഇയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
Summary: UAE launches three water desalination plants to supply Gaza with drinking water
Adjust Story Font
16