യു.എ.ഇയിലെ പ്രളയബാധിത പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾക്ക് പരിസമാപ്തി പ്രഖ്യാപിച്ച് സൈന്യം
27 വർഷത്തിനിടെ യു.എ.ഇയിൽ പെയ്ത ഏറ്റവും കനത്ത മഴയുടെ അനന്തരഫലങ്ങൾ നേരിടുന്ന പ്രദേശങ്ങളിൽ സഹായ ഹസ്തങ്ങളുമായി സജീവമായ 'ഓപ്പറേഷൻ ലോയൽ ഹാൻഡ്‌സ്' വിജയകരമായി സമാപിച്ചതായി സൈന്യം അറിയിച്ചു.
പ്രളയബാധിത പ്രദേശങ്ങളിൽ ആവശ്യമായ എല്ലാ സഹായ പ്രവർത്തനങ്ങളും പൂർത്തീകരിച്ചതോടെയാണ് ഓപ്പറേഷൻ ലോയൽ ഹാൻഡ്‌സ് അവസാനിപ്പിച്ചതായി സൈന്യം പ്രഖ്യാപിച്ചത്.
മഴക്കെടുതി സാരമായി ബാധിച്ച കിഴക്കൻ എമിറേറ്റുകളിൽ പ്രത്യേകിച്ച് ഫുജൈറയിൽ സാധാരണ നില പുനഃസ്ഥാപിക്കുന്നതിനായി സൈനികരും മറ്റു വിവിധ ഡിപ്പാർട്ട്‌മെന്റുകളിലെ ഓഫീസർമാരും മലയാളികളടക്കമുള്ള സന്നദ്ധപ്രവർത്തകരും അഹോരാത്രം പരിശ്രമിച്ചിരുന്നു.
പ്രതിരോധ മന്ത്രാലയത്തിന്റെ ജോയിന്റ് ഓപ്പറേഷൻസ് കമാൻഡിനായിരുന്നു രക്ഷാ ദൗത്യത്തിന്റെ പ്രധാന ചുമതല. വെള്ളപ്പൊക്കത്തിൽനിന്ന് ആളുകളെ രക്ഷിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ദുരിതബാധിത പ്രദേശങ്ങളിലെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനും ഓപ്പറേഷൻ വലിയ സഹായമായി.
ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ നേരിടാൻ 'ലോയൽ ഹാൻഡ്സ്' സുസജ്ജമാണെന്നും സൈന്യം പ്രഖ്യാപിച്ചു. രക്ഷാ പ്രവർത്തനങ്ങളിൽ തങ്ങളോടൊപ്പം നിന്ന മറ്റു വകുപ്പുകൾക്കും പ്രവാസികളടക്കമുള്ള സാധാരണ ജനങ്ങൾക്കും സൈന്യം നന്ദി അറിയിക്കുകയും ചെയ്തു.
Adjust Story Font
16