യു.എ.ഇയുടെ ചാന്ദ്രദൗത്യപേടകമായ 'റാശിദ്റോവർ' തകർന്നതായി സൂചന
ചൊവ്വാഴ്ച രാത്രി ചന്ദ്രോപരിതലത്തിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെ റാശിദ് റോവർ വഹിച്ചിരുന്ന ബഹിരാകാശ വാഹനമായ 'ഹകുട്ടോ-ആർ മിഷനു'മായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു.
യു.എ.ഇയുടെ ചാന്ദ്രദൗത്യപേടകമായ 'റാശിദ്റോവർ' തകർന്നിരിക്കാമെന്ന നിഗമനത്തിൽ അധികൃതർ. ചൊവ്വാഴ്ച രാത്രി ചന്ദ്രോപരിതലത്തിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെ റാശിദ് റോവർ വഹിച്ചിരുന്ന ബഹിരാകാശ വാഹനമായ 'ഹകുട്ടോ-ആർ മിഷനു'മായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു.
റാശിദ് റോവർ തകർന്നിരിക്കാനാണ് സാധ്യതയെന്ന് ലാൻഡർ ഉടമകളായ ജപ്പാന്‍റെ ഐസ്പേസ് കമ്പനി വ്യക്തമാക്കി. എന്നാൽ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ബഹിരാകാശ വിദഗ്ധർ അന്വേഷണം തുടരുകയാണ്.
ലഭ്യമായവിവരങ്ങളെ അടിസ്ഥാനമാക്കി, ടോക്യോയിലെ നിഹോൻബാഷിയിലെ ഹകുട്ടോ-ആർ മിഷൻ കൺട്രോൾ സെന്‍ററാണ് റോവർ തകർന്നിരിക്കാമെന്ന നിഗമനം പുറത്തുവിട്ടത്. ചന്ദ്രനിൽ ഇറങ്ങുന്നതിന്‍റെ അവസാന നിമിഷങ്ങളിലാണ് ആശയവിനിമയം നഷ്ടമായത്. ആശയവിനിമയം നഷ്ടമാകുന്നതിന് തൊട്ടുമുമ്പ് പേടകത്തിന്‍റെ വേഗത വർധിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം കണക്കിലെടുത്ത് ഇറങ്ങാനുള്ള നീക്കത്തിനിടെ പേടകത്തിലെ ഇന്ധനം തീർന്നതായും സൂചനയുണ്ട്.
ഐസ്പേസിന്റെ ആദ്യ ചാന്ദ്രദൗത്യമാണ് ഹകുട്ടോ-ആർ മിഷൻ. യു.എ.ഇയുടെയും മറ്റുചില രാജ്യങ്ങളുടെയും പേടകങ്ങൾ ഇത് വഹിച്ചിരുന്നു. യു.എ.ഇയുടെദീർഘകാല ചന്ദ്ര പര്യവേക്ഷണ പരിപാടിക്ക് കീഴിലെ ആദ്യ ദൗത്യമായ റാശിദ് റോവർ പൂർണമായും ഇമാറാത്തി എൻജിനീയർമാർ നിർമിച്ചതാണ്. മുഹമ്മദ്ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിലെ എൻജിനീയർമാർ ഇതിനകം രണ്ടാമത്തെ റോവറിന്‍റെ നിർമാണം തുടങ്ങിയിട്ടുണ്ട്.
അതേസമയം, 'റാശിദി'ന്‍റെ നേട്ടങ്ങളിൽ അഭിമാനമുണ്ടെന്നും ഐസ്പേസിന് നന്ദിയറിക്കുന്നതായും മുഹമ്മദ്ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു. സ്വന്തമായി ഒരു പേടകം നിർമിക്കാനായതും ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നആദ്യ അറബ് പേടകമായതിലും അഭിമാനമുണ്ടെന്ന് കേന്ദ്രം ഡയറക്ടർ ജനറൽ സലീം അൽ മർറി പറഞ്ഞു.
Adjust Story Font
16