കോപ്28 ഉച്ചകോടിയിൽ പങ്കെടുത്തവർക്കായി അബൂദബിയിൽ നട്ടത് 8.5ലക്ഷം കണ്ടൽ ചെടികൾ
ഒരോ വ്യക്തിക്കും വേണ്ടി പത്ത് കണ്ടൽ ചെടികൾ വീതമാണ് നട്ടത്
അബൂദബി: യു.എ.ഇ ആതിഥ്യമരുളിയ ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുത്ത ഒരോ വ്യക്തിക്കും വേണ്ടി പത്ത് കണ്ടൽ ചെടികൾ വീതം നട്ട് പുതിയ റെക്കോർഡിട്ട് അബൂദബി ഉച്ചകോടിയിൽ എത്തിച്ചേർന്ന 85,000പേർക്ക്വേണ്ടി 8.5ലക്ഷം കണ്ടൽ ചെടികളാണ് നട്ടത്.
'ഗർഥ്അൽ ഇമാറാത്ത്' എന്ന സംരംഭത്തിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. കാലാവസ്ഥ സംബന്ധിച്ച സംവാദങ്ങൾക്ക് വേദിയായ സമ്മേളനത്തിന്‍റെ പരിസ്ഥിതി സൗഹൃദ സന്ദേശത്തിന് കരുത്തുപകരുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ദുബൈ എക്സ്പോ സിറ്റിയിൽ നവംബർ 30മുതൽ ഡിസംബർ 12വരെയാണ് കോപ്28 ഉച്ചകോടി നടന്നത്.
ഡ്രോൺ സാങ്കേതികവിദ്യ അടക്കം ഉപയോഗപ്പെടുത്തിയാണ് അബൂദബിയിലെ തീരപ്രദേശങ്ങളായ മറാവ മറൈൻ ബയോസ്ഫിയർ റിസർവ്, അൽ മിർഫ സിറ്റി, ജുബൈൽ ഐലൻഡ്എന്നിവിടങ്ങളിലാണ് ചെടികൾ വെച്ചുപിടിപ്പിച്ചത്. ശൈത്യകാലത്തിന്‍റെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തിയാണ് ചെടികൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കിയതെന്ന്അധികൃതർ വ്യക്തമാക്കി. ഈ സമയം കണ്ടൽചെടികൾ വളർത്താൻ യോജിച്ച സമയമാണ്.
5,000 കണ്ടൽക്കാടുകൾക്ക് ഒരു ടൺ എന്ന നിരക്കിൽ കാർബൺ ആഗിരണം ചെയ്യും. ഇതനുസരിച്ച് പ്രതിവർഷം 170 ടൺ കാർബൺ അന്തരീക്ഷത്തിൽ നിന്ന് ആഗിരണം ചെയ്യാൻ ഈ സംരംഭം സഹായിക്കും.
നാഷണൽ നെറ്റ്സീറോ 2050 പദ്ധതിയുടെ ഭാഗമായി 10കോടി കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്നതിന് നേരത്തെ തീരുമാനിച്ചിരുന്നു. 2021ൽ ഗ്ലാസ്‌ഗോയിൽ നടന്ന കോപ്26 ഉച്ചകോടിയിലാണ് 10കോടി കണ്ടൽ ചെടികൾ നടുന്നത് പ്രഖ്യാപിച്ചത്. കണ്ടൽ വന സംരക്ഷണത്തിനും അതുവഴി കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിനും സഹായിക്കുന്നതാണ്. യു.എ.ഇയിൽ നിരവധി പ്രദേശങ്ങളിൽ കണ്ടൽ വനങ്ങൾ നിലവിൽ തന്നെ സംരക്ഷിച്ച് വളർത്തുന്നുണ്ട്. ജലത്തിന്‍റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും എക്കോടൂറിസം ശക്തിപ്പെടുത്തുന്നതിനും കണ്ടൽ വനങ്ങൾ സഹായിക്കുന്നുണ്ട്.
Adjust Story Font
16