Quantcast

യുഎഇ പ്രസിഡണ്ട് റഷ്യയിൽ; പുടിനുമായി ഉഭയകക്ഷി ചർച്ച

ബ്രിക്‌സ് ഉച്ചകോടിക്കായെത്തിയ ശൈഖ് ശൈഖ് മുഹമ്മദിന് അത്താഴവിരുന്നൊരുക്കി പുടിൻ

MediaOne Logo

Web Desk

  • Published:

    21 Oct 2024 5:53 PM GMT

UAE President Sheikh Mohammed discussed bilateral relations with Russian President Vladimir Putin.
X

ദുബൈ: റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിനുമായി ഉഭയകക്ഷി ബന്ധം ചർച്ച ചെയ്ത് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ്. മോസ്‌കോയിലായിരുന്നു കൂടിക്കാഴ്ച. ബ്രിക്‌സ് ഉച്ചകോടിക്കായാണ് ശൈഖ് മുഹമ്മദ് മോസ്‌കോയിലെത്തിയത്.

സാമ്പത്തികം, വ്യാപാരം, നിക്ഷേപം, ബഹിരാകാശം അടക്കമുള്ള തന്ത്രപ്രധാന വിഷയങ്ങളാണ് ശൈഖ് മുഹമ്മദും പുടിനും ചർച്ച ചെയ്തത്. ഈ മേഖലകളിൽ നിലനിൽക്കുന്ന ബന്ധം ശക്തിപ്പെടുത്താനും കൂടിക്കാഴ്ചയിൽ തീരുമാനമായി. ഞായറാഴ്ചയാണ് ഔദ്യോഗിക സന്ദർശനത്തിനായി ശൈഖ് മുഹമ്മദ് റഷ്യയിലെത്തിയത്. ഉന്നതതല സംഘവും പ്രസിഡണ്ടിനെ അനുഗമിക്കുന്നുണ്ട്.

പശ്ചിമേഷ്യൻ സംഘർഷം അടക്കമുള്ള അന്താരാഷ്ട്ര വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയുടെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഭീഷണി ഉയർത്തുന്ന ഏതു വെല്ലുവിളിയും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയോടെ പരിഹരിക്കപ്പെടേണ്ടതുണ്ട് എന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. റഷ്യ- യുക്രൈൻ സംഘർഷത്തിൽ തടവുപുള്ളികളെ മോചിപ്പിക്കാൻ യുഎഇ നടത്തുന്ന ശ്രമങ്ങളെ പുടിൻ അഭിനന്ദിച്ചു. യുഎഇയുടെ മധ്യസ്ഥതയിൽ 190 തടവുപുള്ളികളെയാണ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നത്.

റഷ്യൻ നഗരമായ കസാനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുമ്പായിരുന്നു ശൈഖ് മുഹമ്മദ് - പുടിൻ കൂടിക്കാഴ്ച. ഔദ്യോഗിക വസതിയിൽ യുഎഇ പ്രസിഡണ്ടിന് പുടിൻ അത്താഴ വിരുന്നൊരുക്കുകയും ചെയ്തു. നാളെ മുതൽ 24 വരെയാണ് ബ്രിക്‌സ് ഉച്ചകോടി. അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ അംഗത്വം നേടിയ ശേഷം ആദ്യമായാണ് യുഎഇ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രസീൽ പ്രസിഡണ്ട് ലുല ഡിസിൽവ, ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ് തുടങ്ങിയവരുമായി ശൈഖ് മുഹമ്മദ് ഉച്ചകോടിക്കിടെ ചർച്ച നടത്തും.

TAGS :

Next Story