ദേശീയ ദിനം; 2269 തടവുകാർക്ക് മാപ്പുനൽകി യുഎഇ പ്രസിഡന്റ്
ഡിസംബർ രണ്ടിനാണ് യുഎഇയുടെ ദേശീയ ദിനം
അബൂദബി: യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 2269 തടവുകാർക്ക് മാപ്പു നൽകി പ്രസിഡന്റ് ശൈഖ് മുഹമ്മദ്. നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ഇവർ വൈകാതെ ജയിൽ മോചിതരാകും. വിവിധ കുറ്റകൃത്യങ്ങൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്നവർക്കാണ് മോചനം.
യുഎഇയുടെ 53ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് തടവുകാർക്ക് മാപ്പുനൽകാനുള്ള പ്രസിഡന്റിന്റെ തീരുമാനം. തടവുകാർക്ക് ചുമത്തിയ എല്ലാ പിഴയും ഒഴിവാക്കും. കുടുംബവും സമൂഹവുമായി വീണ്ടും സംഗമിച്ച്, പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ സഹായിക്കുന്നതാണ് തീരുമാനമെന്ന് പ്രസിഡന്റിന്റെ കൊട്ടാരം പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു.
നേരത്തെ ദുബൈ, ഷാർജ, ഫുജൈറ, അജ്മാൻ ഭരണാധികാരികൾ തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ദുബൈയിൽ 1169 തടവുകാരെയാണ് മോചിപ്പിക്കുന്നത്. ഷാർജ 689 തടവുകാർക്കും ഫുജൈറ 118 പേർക്കും മാപ്പുനൽകി. അജ്മാൻ 304 പേരെയാണ് മോചിപ്പിക്കുന്നത്. യുഎഇയുടെ വിവിധ ജയിലുകളിൽ കഴിയുന്ന 4500 ലേറെ തടവുകാരാണ് ദേശീയ ആഘോഷത്തിന്റെ ഭാഗമായി മോചിതരാകുക.
ഡിസംബർ രണ്ടിനാണ് യുഎഇയുടെ ദേശീയ ദിനം. ഈ വർഷം മുതൽ ഈദുൽ ഇത്തിഹാദ് എന്ന പേരിലാണ് ദേശീയ ദിനാഘോഷം അറിയപ്പെടുന്നത്. ആഘോഷത്തിന്റെ ഭാഗമായി ഗവൺമെന്റ്-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് രണ്ടു ദിവസം ശമ്പളത്തോടു കൂടിയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16