യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ അന്തരിച്ചു
യുഎഇ വാർത്താ ഏജൻസിയാണ് മരണ വാർത്ത അറിയിച്ചത്
ദുബൈ: യുഎഇ പ്രസിഡണ്ടും അബുദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ അന്തരിച്ചു. യുഎഇ വാർത്താ ഏജൻസിയാണ് മരണ വാർത്ത അറിയിച്ചത്. 2004 നവംബർ മൂന്നു മുതൽ യുഎഇ പ്രസിഡണ്ടാണ്. 73 വയസ്സായിരുന്നു.
പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്‌യാൻ അന്തരിച്ച ശേഷമാണ് അദ്ദേഹം പ്രസിഡണ്ട് പദവിയിലെത്തിയത്. 1948ലാണ് ജനനം. യുഎഇയുടെ രണ്ടാമത്തെ പ്രസിഡണ്ടും അബുദാബിയുടെ 16-ാമത് ഭരണാധികാരിയുമാണ്. ശൈഖ് സായിദിന്റെ മൂത്ത മകനാണ്.
യുഎഇയെ ആഗോളതലത്തിൽ നിർണായ സ്ഥാനം നേടിക്കൊടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഭരണാധികാരിയാണ് ശൈഖ് സായിദ് ബിൻ നഹ്‌യാൻ. ഏതാനും മാസങ്ങളായി ആരോഗ്യപരമായ കാരണങ്ങളാൽ പൊതുവേദികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിൽ ചികിത്സക്കായി കൊണ്ടുപോയിരുന്നെങ്കിലും ഗൾഫ് മേഖലയുടെ പ്രാർഥനകൾ വിഫലമാക്കി അദ്ദേഹം ലോകത്തോട് വിടപറഞ്ഞു.
ശൈഖ് സായിദ് ബിൻ അൽ നഹ്‌യാന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി യുഎഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. യുഎഇയിൽ ഇന്ന് പ്രവൃത്തിദിനമാണ്, എങ്കിലും പ്രസിഡന്റിന്റെ മരണത്തെ തുടർന്ന് എല്ലാ സർക്കാർ ഓഫീസുകളും പ്രവർത്തനം നിർത്തിവെച്ചു. ഇനി എത്ര ദിവസം ഔദ്യോഗിക അവധിയുണ്ടാവുമെന്നത് സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും വന്നിട്ടില്ല.
Adjust Story Font
16