ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റ്; ഔദ്യോഗിക പ്രഖ്യാപനം ഉടൻ
യുഎഇ പ്രസിഡന്റ് എന്ന നിലയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ആദ്യ ഇന്ത്യൻ സന്ദർശനം കൂടിയായിരിക്കും ഇത്.
അബൂദബി: അടുത്തമാസം ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയില്‍ യുഎഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പങ്കെടുത്തേക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമായിരിക്കെ, ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അബൂദബി സന്ദർശന വേളയിൽ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.
ഡൽഹിയിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ ചേരുന്ന ജി20 ഉച്ചകോടിയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. അബൂദബിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അംബാസഡർ.
യുഎഇ പ്രസിഡന്റ് എന്ന നിലയിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ ആദ്യ ഇന്ത്യൻ സന്ദർശനം കൂടിയായിരിക്കും ഇത്. അറബ് ലോകത്തെ പ്രധാന ഭരണാധികാരികളെ ജി20 ഉച്ചകോടിയിൽ എത്തിക്കാൻ തിരക്കിട്ട നടപടികളാണ് ഇന്ത്യ തുടരുന്നത്.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടാൻ കാരണം ഇരു രാഷ്ട്രങ്ങളിലെയും ഭരണനേതൃത്വത്തിന്റെ ദീർഘവീക്ഷണമാണെന്ന് അംബാസഡർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ നടത്തിയ അബൂദബി സന്ദര്‍ശന വേളയിൽ ഇരു രാജ്യങ്ങളുടെയും വ്യാപാരം കൂടുതല്‍ ശക്തമാക്കാൻ പ്രാദേശിക കറന്‍സി വിനിമയം യാഥാർഥ്യമാക്കിയതും വലിയ നേട്ടമാണ്.
ഏറ്റവും കൂടുതൽ ഇന്ത്യക്കാൻ തൊഴിലെടുക്കുന്ന വിദേശ രാജ്യവും യുഎഇയാണ്. 35 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് യുഎഇയില്‍ ജോലി ചെയ്യുന്നതെന്നാണ്കണക്ക്. ജിസിസി രാജ്യങ്ങളിലുള്ള ആകെ പ്രവാസികളുടെ 45 ശതമാനം വരുമിത്.
Adjust Story Font
16