Quantcast

ദുബൈയിൽ ചുവപ്പ് ​​സിഗ്​നൽ ലംഘനം; പിടിച്ചെടുത്തത്​ 855 വാഹനങ്ങൾ

13,876 നിയമ ലംഘനങ്ങളാണ്​ ചുവപ്പ്​ സിഗ്​നൽ ലംഘനത്തിന്‍റെ പേരിൽ രജിസ്റ്റർ ചെയ്തത്​.

MediaOne Logo

Web Desk

  • Updated:

    2023-09-03 17:37:26.0

Published:

3 Sep 2023 5:33 PM GMT

ദുബൈയിൽ ചുവപ്പ് ​​സിഗ്​നൽ ലംഘനം; പിടിച്ചെടുത്തത്​ 855 വാഹനങ്ങൾ
X

ദുബൈ: റെഡ് സിഗ്​നൽ മറികടന്നതു​ മൂലം ദുബൈ എമിറേറ്റിൽ 51 അപകടങ്ങളാണ് കഴിഞ്ഞ ഏഴു മാസത്തിൽ ഉണ്ടായത്​. അപകടങ്ങളിൽ രണ്ടു പേർ മരിക്കുകയും 73 പേർക്ക്​ പരിക്കേൽക്കുകയും ചെയ്തു. റെഡ് സിഗ്​നൽ ലംഘിച്ചാൽ കടുത്ത നടപടി ഉറപ്പാണെന്ന്​ ദുബൈ പൊലീസ് മുന്നറിയിപ്പ്​ നൽകി.

ഏറ്റവും അപകടകരമായ ട്രാഫിക്​ നിയമ ലംഘനമാണ്​ റെഡ്​സിഗ്​നൽ മറികടക്കൽ. മരണത്തിനും ഗുരുതരമായ പരിക്കുകൾക്കും കാണമാകുന്ന നിയമ ലംഘനമാണിതെന്ന്​ ദുബൈ പൊലീസ്​ പ്രസ്താവനയിൽവ്യക്​തമാക്കി. ചുവപ്പ് സിഗ്​നൽ മറികടന്നതിന്​ 855വാഹനങ്ങളാണ്​ പിന്നിട്ട ഏഴു മാസത്തിനിടെ പിടിച്ചെടുത്തത്​​. മൊത്തം 13,876 നിയമ ലംഘനങ്ങളാണ്​ ചുവപ്പ്​ സിഗ്​നൽ ലംഘനത്തിന്‍റെ പേരിൽ രജിസ്റ്റർ ചെയ്തത്​.

മഞ്ഞ സിഗ്​നൽ തെളിയുന്ന സമയത്ത്​ വേഗതകൂട്ടി കടന്നുപോകാൻ തുനിയുന്നതാണ്​ അപകടങ്ങൾക്ക്​ കാരണമാകുന്നത്​. ജങ്​ഷനുകളിൽ എത്തുമ്പോൾ വേഗത കുറച്ച്​ജാഗ്രത പാലിക്കണമെന്ന നിയമം പലരും ശ്രദ്ധിക്കുന്നില്ലെന്നും പൊലീസ്​ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. യു.എ.ഇ ഫെഡറൽ നിയമമനുസരിച്ച്​ ​ചുവപ്പ് ​സിഗ്​നൽ ലംഘിച്ചാൽ 1000ദിർഹം പിഴയും 12 ബ്ലാക്​ പോയിന്റുമാണ്​ ശിക്ഷ. ഇതിനു പുറമെ 30 ദിവസം വാഹനം കണ്ടു കെട്ടുകയും ചെയ്യും. ദു​ബൈ എമിറേറ്റിലെ പ്രത്യേക നിയമപ്രകാരം 50,000ദിർഹം പിഴയും 23ബ്ലാക് ​പോയിന്‍റുകളും വരെ ശിക്ഷ ലഭിക്കാനും വകുപ്പുണ്ട്​. റോഡ്​ യാത്രികരുടെ സുരക്ഷയ്ക്കും മികച്ച ട്രാഫിക് ​സംവിധാനം ഉറപ്പുവരുത്തുന്നതിനും ദുബൈ പൊലീസ് ​എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ടെന്ന്​ ട്രാഫിക്​വിഭാഗം ഡയറക്ടർ മേജർ ജനറൽ സൈഫ്​മുഹൈർ അൽ മസ്​റൂയി പറഞ്ഞു.

TAGS :

Next Story