ട്യൂഷൻ അധ്യാപകർക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി യു.എ.ഇ
അധ്യാപകർക്ക് രണ്ട് വർഷത്തേക്കാണ് സ്വകാര്യ ട്യൂഷനുകളെടുക്കുന്നതിനായി പെർമിറ്റ് ലഭിക്കുക
ദുബൈ: യു.എ.ഇയിലെ ട്യൂഷൻ അധ്യാപകർക്ക് സർക്കാറിന്റെ പുതിയ മാർഗനിർദേശം. സ്വകാര്യ ട്യൂഷനുകൾക്ക് വർക്ക് പെർമിറ്റ് നേടുന്ന അധ്യാപകർ അവരുടെ സ്കൂളുകളിലെ വിദ്യാർഥികൾക്ക് ട്യൂഷൻ എടുക്കാൻ പാടില്ല.
സ്വകാര്യ ട്യൂഷന് അപേക്ഷിക്കുന്നവർക്കുള്ള പെരുമാറ്റച്ചട്ടത്തിലാണ് സ്വന്തം സ്കൂളിലെ കുട്ടികളാവരുതെന്ന് നിബന്ധന ഉൾപ്പെടുത്തിയത്. യോഗ്യരായ അധ്യാപകർക്ക് രണ്ട് വർഷത്തേക്കാണ് സ്വകാര്യ ട്യൂഷനുകളെടുക്കുന്നതിനായി പെർമിറ്റ് ലഭിക്കുക. ഒരു കാരണവശാലും വിദ്യാർഥികളെ വാക്കാലോ ശാരീരികമായോ ശിക്ഷിക്കരുത്, രക്ഷിതാക്കളുടെയും വിദ്യാർഥികളുടേയും വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കണം, രാജ്യത്തെ നിയമങ്ങളോടും സംസ്കാരത്തോടും യോജിക്കാത്തതോ തീവ്രവാദപരമോ മറ്റോ ആയ ആശയങ്ങൾ കുട്ടികൾക്ക് പകർന്ന് നൽകരുത് തുടങ്ങിയ കാര്യങ്ങൾകൂടി പെരുമാറ്റച്ചട്ടത്തിൽ പരാമർശിക്കുന്നുണ്ട്. ക്ലാസ് റൂമിന് പുറത്ത് അധ്യാപകർ അനധികൃതമായി വിദ്യാർഥികൾക്ക് സ്വകാര്യ ട്യൂഷൻ എടുക്കുന്നത് തടയുക, പഠനനിലവാരം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക്മികച്ച ട്യൂഷൻ ലഭിക്കുന്നതിനുള്ള അവസരമൊരുക്കുക എന്നിവയാണ് പെർമിറ്റ് നൽകുന്നതിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് സ്വകാര്യ ട്യൂഷനുകൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമം പ്രഖ്യാപിച്ചത്. ഇതനുസരിച്ച് യോഗ്യരായ അധ്യാപകർക്ക് വ്യക്തിപരമായും ഗ്രൂപ്പുകളായും സ്വകാര്യ ട്യൂഷൻ പെർമിറ്റിന് അപേക്ഷിക്കാം.
സർക്കാർ-സ്വകാര്യ സ്കൂളുകളിൽ രജിസ്റ്റർ ചെയ്ത അധ്യാപകർ, സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർ, തൊഴിൽരഹിതർ, 15 മുതൽ 18 വരെ പ്രായമുള്ള യൂനിവേഴ്സിറ്റി വിദ്യാർഥികൾ എന്നിവർക്ക്പെർമിറ്റിന് അപേക്ഷിക്കാം. സൗജന്യമായാണ് പെർമിറ്റ് അധികൃതർ നൽകുന്നത് മാനവവിഭവ മന്ത്രാലയത്തിന്‍റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി അപേക്ഷ സമർപ്പിച്ചാൽ അഞ്ച് പ്രവൃത്തിദിനത്തിനുള്ളിൽ പെർമിറ്റ് അനുവദിക്കും.
Adjust Story Font
16