ലിബിയൻ ദുരന്തം; യു.എ.ഇ സംഘം രക്ഷിച്ചത് 169 പേരെ
ലിബിയ നേരിട്ട ദുരന്തവാർത്ത അറിഞ്ഞ ഉടൻ തന്നെ 34അംഗ രക്ഷാപ്രവർത്തകരെയാണ് യു.എ.ഇ അയച്ചത്
ചിത്രം റോയ്‌റ്റേഴ്സ്
ദുബെെ: ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്ന് വെള്ളപ്പൊക്കം ദുരിതം വിതച്ച ലിബിയയിൽ യു.എ.ഇ നടത്തിയ രക്ഷാപ്രവർത്തനം ലോകശ്രദ്ധ നേടി. 169 പേരെയാണ് യു.എ.ഇയുടെ രക്ഷാസംഘം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ലിബിയൻ ദുരിതാശ്വാസ മേഖലയിൽ യു.എ.ഇയുടെ പ്രവർത്തനങ്ങൾ തുടരുകയാണ്.
ലിബിയ നേരിട്ട ദുരന്തവാർത്ത അറിഞ്ഞ ഉടൻ തന്നെ 34അംഗ രക്ഷാപ്രവർത്തകരെയാണ് യു.എ.ഇ അങ്ങോട്ട് അയച്ചത്. എല്ലാ തുറകളിലും വിദഗ്ധ പരിശീലനം സിദ്ധിച്ച സംഘത്തിനു നല്ല പ്രവർത്തനം നടത്താനായി. പ്രത്യേക വിമാനങ്ങളിൽ നിരവധി ഉപകരണങ്ങളുമായാണ് സംഘം ലിബിയൻ ദുരിതബാധിത പ്രദേശങ്ങളിൽ സജീവമായത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിയ രക്ഷാസംഘങ്ങൾക്കു വേണ്ട സഹായങ്ങളും യു.എ.ഇ ടീം നൽകി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യു.എ.ഇ സംഘം രക്ഷിച്ചവർക്ക് മികച്ച ചികിത്സയും ഒരുക്കി. ലിബിയയ്ക്കു വേണ്ടി പ്രത്യേക വ്യോമ സംവിധാനം തന്നെ യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. ഇതു മുഖേന 37 വിമാനങ്ങളാണ് ജീവകാരുണ്യ ഉൽപന്നങ്ങളുമായി ഇതിനകം ലിബിയയിലേക്ക് പറന്നത്.
യു.എ.ഇപ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പ്രത്യേക നിർദേശത്തെ തുടർന്നായിരുന്നു നടപടി. ആയിരങ്ങൾക്ക് താൽക്കാലിക വീടുകൾ നിർമിച്ചു നൽകുന്നതു ഉൾപ്പെടെ നിരവധി സേവന പ്രവർത്തനങ്ങളാണ് യു.എ.ഇ സംഘം ലിബിയയിൽ നടത്തിയത്. ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള ഊർജിത നടപടികളും ലിബിയയിൽ തുടരുകയാണ്. ഭക്ഷ്യോൽപന്നങ്ങൾ ഉൾപ്പെടെ ആവശ്യമായ എല്ലാ പിന്തുണയും റെഡ്ക്രസന്റ് ലിബിയയിൽ തുടരുമെന്നും യു.എ.ഇ നേതൃത്വം വ്യക്തമാക്കി.
Adjust Story Font
16