Quantcast

യു.എ.ഇ രണ്ടാമത്തെ സുപ്രധാന പ്രതിരോധ പങ്കാളി: യു.എസ്

ഇന്ത്യയാണ് യു.എസിന്റെ പ്രഥമ പ്രതിരോധ പങ്കാളി

MediaOne Logo

Web Desk

  • Published:

    25 Sep 2024 4:25 PM GMT

യു.എ.ഇ രണ്ടാമത്തെ സുപ്രധാന പ്രതിരോധ പങ്കാളി: യു.എസ്
X

ദുബൈ: യു.എസ് ഭരണകൂടത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ പ്രതിരോധ പങ്കാളിയാണ് യു.എ.ഇയെന്ന് ബൈഡൻ ഭരണകൂടം. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായുള്ള ചർച്ചയ്ക്ക് പിന്നാലെയാണ് വൈറ്റ് ഹൗസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയാണ് യു.എസിന്റെ പ്രഥമ പ്രതിരോധ പങ്കാളി. പശ്ചിമേഷ്യ, കിഴക്കൻ ആഫ്രിക്ക, ഇന്ത്യൻ മഹാസമുദ്ര മേഖലകൾ എന്നിവിടങ്ങളിലെ സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യു.എ.ഇയുമായുള്ള പ്രതിരോധ പങ്കാളിത്തം യു.എസ് വർധിപ്പിക്കുന്നത്. ഇതുപ്രകാരം സംയുക്ത സൈനികാഭ്യാസം, പരിശീലനം, സഹകരണം എന്നിവയ്ക്ക് വേഗം കൈവരും.

അമേരിക്കയുടെ ഏറ്റവും അടുപ്പമുള്ള സഖ്യകക്ഷികൾക്കു തുല്യമായ പരിഗണനയാണ് പ്രതിരോധ മേഖലയിൽ ഇനി യു.എ.ഇക്ക് ലഭിക്കുക. അഞ്ചാം തലമുറ ഫൈറ്റർ ജെറ്റുകൾ, ആളില്ലാ പോർവിമാനമായ എംക്യു 9 റീപ്പർ തുടങ്ങി സൈന്യത്തെ ശക്തിപ്പെടുത്താൻ ആവശ്യമായ അത്യാനുധിക സംവിധാനങ്ങൾ പ്രതിരോധ സഹകരണത്തോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അനുബന്ധ സാങ്കേതികവിദ്യ എന്നിവയിലും കൈകോർക്കാൻ തീരുമാനിച്ചതോടെ സൈബർ സുരക്ഷയിലും പരസ്പര സഹകരണത്തിന്റെ വാതിലുകൾ തുറക്കും.

പശ്ചിമേഷ്യയിലെ സുസ്ഥിരതയും ക്ഷേമവും മുൻനിർത്തിയാണ് യു.എ.ഇയുമായുള്ള പ്രതിരോധ പങ്കാളിത്തമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി. ഇന്ത്യ കൂടി ഒപ്പം വരുന്നതോടെ മധ്യപൗരസ്ത്യ മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വേഗം കൂടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇസ്രായേൽ-ഫലസ്തീൻ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ദ്വിരാഷ്ട്ര പദ്ധതി മാത്രമാണെന്ന് കൂടിക്കാഴ്ചയിൽ ശൈഖ് മുഹമ്മദ് ജോ ബൈഡനെ അറിയിച്ചിരുന്നു.

പ്രതിരോധ പങ്കാളിത്തത്തിന് പുറമേ, ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ് സാമ്പത്തിക ഇടനാഴിയും ഇരു രാഷ്ട്ര നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വിഷയമായി. റെയിൽ, ഷിപ്പിങ് നെറ്റ്വർക്ക് വഴി ഏഷ്യ, പേർഷ്യൻ ഗൾഫ്, യൂറോപ് മേഖലയെ ബന്ധിപ്പിക്കുന്ന ഇടനാഴി 2023ലെ ജി20 ഉച്ചകോടിയിലാണ് പ്രഖ്യാപിക്കപ്പെട്ടത്. ഗസ്സയിലെ ഇസ്രായേൽ ആക്രമണം മൂലം പദ്ധതി വൈകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

TAGS :

Next Story