28 സർക്കാർ സ്കൂളുകൾ താൽകാലിക നടത്തിപ്പിനായി സ്വകാര്യ മേഖലക്ക് കൈമാറാൻ യുഎഇ
മൂന്ന് വർഷത്തേക്കാണ് സ്കൂളുകൾ വിട്ടുനൽകുക
യു.എ.ഇയിലെ 28 സർക്കാർ സ്കൂളുകൾ താൽകാലിക നടത്തിപ്പിനായി സ്വകാര്യ മേഖലക്ക് കൈമാറും. മന്ത്രിസഭ യോഗത്തിൽ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മൂന്ന് വർഷത്തേക്കാണ് സ്കൂളുകൾ വിട്ടുനൽകുക.
നേരത്തെ പ്രഖ്യാപിച്ച അൽ അജ്യാൽ പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം. സർക്കാർ സ്കൂളുകളിൽ കൂടുതൽ സ്വദേശികൾക്ക്സൗജന്യ വിദ്യാഭ്യാസത്തിന് അവസരം നൽകുന്ന പദ്ധതിയാണ് അജ്യാൽ. നിശ്ചിത എണ്ണം വിദേശ വിദ്യാർഥികൾക്കും സ്കൂളിൽ പ്രവേശനം നൽകും.
കുട്ടികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ വൈവിധ്യങ്ങൾ അനുഭവിച്ചറിയാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് 28 സ്കൂളുകൾ സ്വകാര്യ മേഖലക്ക് കൈമാറുന്നത്. സ്വകാര്യ മേഖലയിലെ വിദഗ്ദരുടെ സേവനം ഇതുവഴി സർക്കാർ സ്കൂൾ കുട്ടികൾക്കും ലഭ്യമാകും. വർഷത്തിൽ 10 സ്കൂളുകൾ എന്ന രീതിയിലായിരിക്കും തുറക്കുക.
വിദ്യാഭ്യാസ രംഗത്തെ സമഗ്ര പരിഷ്ക്കാരത്തിന്‍റെ ഭാഗമായാണ് സ്കൂളുകൾ കൈമാറുന്നത്. മൂന്ന് വർഷത്തിനകം 14,000 പൗരൻമാർക്ക് കൂടുതൽ നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. അജ്യാൽ പദ്ധതി പ്രകാരം രണ്ട് സിലബസുകൾ കൂടിച്ചേരുന്നതിനാൽ വിദ്യാർഥികൾക്ക് കൂടുതൽ വൈവിധ്യങ്ങൾ ഉൾക്കൊള്ളാനും അടുത്തറിയാനും കഴിയും. പ്രാദേശിക സിലബസിൽ അറബിക്, ഇസ്ലാമിക് എജ്യുക്കേഷൻ, മോറൽ എജ്യുക്കേഷൻ, സോഷ്യൽ സ്റ്റഡീസ് എന്നിവ നിർബന്ധമാണ്. അന്താരാഷ്ട്ര സിലബസിൽ സയൻസ്, മാത്സ് പോലുള്ളവക്കായിരിക്കും പ്രാമുഖ്യം.
അതേസമയം, അടുത്ത മൂന്ന് അധ്യയന വർഷത്തേക്കുള്ള കലണ്ടറിനും അംഗീകാരം നൽകി. ഇത് പ്രകാരം ഓരോ സ്കൂളിലും അധ്യയന വർഷത്തിൽ 182 പഠന ദിവസങ്ങളുണ്ടായിരിക്കണം.
Adjust Story Font
16