ലബനാന് നൂറു മില്യൺ ഡോളറിന്റെ അടിയന്തര സഹായവുമായി യു.എ.ഇ
ലബനാൻ ജനതയ്ക്കുള്ള പിന്തുണയെന്ന നിലയിലാണ് സഹായമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു
ദുബൈ: ഇസ്രായേൽ ആക്രമണം നേരിടുന്ന ലബനാനിലേക്ക് നൂറു ദശലക്ഷം യു.എസ് ഡോളറിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ച് യു.എ.ഇ. ലബനൻ ജനതയ്ക്കുള്ള പിന്തുണയെന്ന നിലയിലാണ് സഹായമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ വാം പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശ പ്രകാരമാണ് ലബനാൻ ജനതയ്ക്ക് യു.എ.ഇ സഹായം പ്രഖ്യാപിച്ചത്. മാനുഷിക പ്രതിസന്ധി നേരിടുന്ന ലബനീസ് ജനതയോടുള്ള ഐക്യദാർഢ്യം എന്ന നിലയിലാണ് സഹായപ്രഖ്യാപനം. ഭക്ഷണം അടക്കമുള്ള അടിയന്തര സഹായങ്ങൾ എത്തിക്കാൻ തങ്ങൾ സന്നദ്ധമാണെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറ്റി സെക്രട്ടറി ജനറൽ റാഷിദ് അൽ മൻസൂരി പറഞ്ഞു.
ലബനാനിൽ രണ്ടാഴ്ചയായി തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ ആയിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. ആറായിരത്തിലധികം പേർക്ക് പരിക്കേറ്റതായും ലബനാൻ ആരോഗ്യമന്ത്രാലയം പറയുന്നു. പത്തു ലക്ഷം പേർ ഭവനരഹിതരായെന്നാണ് കണക്ക്.
പശ്ചിമേഷ്യയിൽ മാസങ്ങളായി തുടരുന്ന സംഘർഷത്തിന് പിന്നാലെയുണ്ടായ പ്രതിസന്ധിയിൽ നിരവധി സഹായപദ്ധതികൾ യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. നവംബർ മുതൽ ഗസ്സയിലേക്ക് 33100 ടൺ അടിയന്തര സഹായമാണ് യു.എ.ഇ എത്തിച്ചത്. ഗസ്സയിൽ പരിക്കേറ്റവരെ ചികിത്സിക്കാനായി രണ്ട് ആശുപത്രിയും യു.എ.ഇയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്.
അതിനിടെ, ലബനാനിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന് അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി.സി.സി ആവശ്യപ്പെട്ടു. ലബനന്റെ പരമാധികാരം സംരക്ഷിക്കേണ്ടത് അത്യാവശ്യാണ് എന്നും ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി വ്യക്തമാക്കി.
Adjust Story Font
16