പാസ്‌പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് മുന്നറിയിപ്പ്; യു.എ.ഇയിലേക്ക് യാത്രാനുമതി ലഭിക്കില്ല
യു.എ.ഇയിലേക്ക് സന്ദർശക വിസയിൽ വരുന്നവർക്കായിരിക്കും ഇത് തിരിച്ചടിയാവുക.
ദുബൈ: ഒറ്റപ്പേര് മാത്രം രേഖപ്പെടുത്തിയ പാസ്‌പോർട്ടുകൾ സ്വീകാര്യമല്ലെന്ന് വീണ്ടും മുന്നറിയിപ്പ്. യു.എ.ഇ നാഷണൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്ററാണ് വിമാനക്കമ്പനികൾക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഒറ്റപ്പേര് മാത്രമാണ് പാസ്‌പോർട്ടിലുള്ളതെങ്കിൽ യാത്രാനുമതി ലഭിക്കില്ലെന്നാണ് മുന്നറിയിപ്പ്. യു.എ.ഇയിലേക്ക് സന്ദർശക വിസയിൽ വരുന്നവർക്കായിരിക്കും ഇത് തിരിച്ചടിയാവുക. നേരത്തേ യു.എ.ഇ റെസിഡന്റ് വിസയുള്ള ഒറ്റപ്പേരുകാർക്ക് യു.എ.ഇയിലേക്ക് വരാൻ തടസമുണ്ടാവില്ല.
പാസ്പോർട്ടിൽ സർ നെയിം, ഗിവൺ നെയിം എന്നിവയിൽ ഏതെങ്കിൽ ഒരിടത്ത് മാത്രമാണ് പേര് രേഖപ്പെടുത്തിയതെങ്കിൽ യാത്രാനുമതി ലഭിക്കില്ല. എന്നാൽ സർ നെയിം, ഗിവൺ നെയിം എന്നിവയിൽ എവിടെയെങ്കിലും രണ്ട് പേരുണ്ടെങ്കിൽ പ്രവേശനാനുമതി ലഭിക്കും. ഗിവൺ നെയിം എഴുതി സർ നെയിമിന്റെ സ്ഥാനത്ത് ഒന്നും രേഖപ്പെടുത്താതിരുന്നാലോ സർ നെയിം എഴുതി ഗിവൺ നെയിം ചേർക്കാതിരുന്നാലോ യു.എ.ഇ പ്രവേശനം സാധ്യമാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ബോധവൽകരണം ലക്ഷ്യമാക്കിയാണ് വീണ്ടും നോട്ടീസ് ഇറക്കിയിരിക്കുന്നത്. അതേസമയം പാസ്‌പോർട്ടിലെ ഏതെങ്കിലും പേജിൽ രണ്ടാം പേര് പറഞ്ഞിട്ടുണ്ടെങ്കിൽ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Adjust Story Font
16