ഫലസ്തീനികൾക്ക് കൂടുതൽ സഹായവുമായി യു.എ.ഇ; ഗസ്സ മുനമ്പിലെത്തിയത് 14 ട്രക്കുകൾ
ടെന്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവ ഉൾപ്പെടെ 300 ടൺ വസ്തുക്കളാണ് ട്രക്കുകളിലുള്ളത്.
ദുബൈ: ഇസ്രായേൽ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്കായി കൂടുതൽ സഹായവുമായി യു.എ.ഇ. സഹായവസ്തുക്കളുമായി 14 ട്രക്കുകളാണ് കഴിഞ്ഞ ദിവസം ഗസ്സ മുനമ്പിലേക്ക് പ്രവേശിച്ചത്. ഗസ്സയിൽ യു.എ.ഇ ഏർപ്പെടുത്തിയ ഫീൽഡ് ആശുപത്രി വിപുലീകരിക്കുകയും ചെയ്തു.
ഈജിപ്തിലെ റഫ അതിർത്തി വഴിയാണ് ട്രക്കുകൾ ഗസ്സ മുനമ്പിലെത്തിയത്. ഫലസ്തീനികളെ സഹായിക്കുന്നതിനായി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച മാനുഷിക സഹായ സംരംഭമായ 'ഗാലന്‍റ് നൈറ്റ് 3 യുടെ മേൽനോട്ടത്തിലാണ് സഹായം. ടെന്റുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷ്യ വസ്തുക്കൾ എന്നിവ ഉൾപ്പെടെ 300 ടൺ വസ്തുക്കളാണ് 14 ട്രക്കുകളിലായുള്ളത്.
ഫെബ്രുവരി 18 വരെ 15,755 ടൺ സഹായ വസ്തുക്കൾ യു.എ.ഇ ഫലസ്തീന് കൈമാറിക്കഴിഞ്ഞു. 163 കാർഗോ വിമാനങ്ങൾ, രണ്ട് ചരക്ക് കപ്പലുകൾ, 476 ട്രക്കുകൾ എന്നിവയിലാണ് സഹായ വസ്തുക്കൾ എത്തിച്ചത്. കൂടാതെ ഗസ്സ മുനമ്പിൽ നിർമിച്ച ഫീൽഡ് ആശുപത്രിയിൽ ചികിത്സ ലഭിച്ച ഫലസ്തീനികളുടെ എണ്ണം 5,123 ആയി. ഫലസ്തീനികൾക്ക് കുടിവെള്ളമെത്തിക്കാനായി പ്രതിദിനം 1.2 ദശലക്ഷം ഗാലൻ സംഭരണ ശേഷിയുള്ള ആറ് ഉപ്പുജല ശുദ്ധീകരണ കേന്ദ്രവും യു.എ.ഇ നിർമിച്ചിരുന്നു. ഗസ്സക്കു വേണ്ടി കൂടുതൽ സഹായം ഉറപ്പാക്കാനുള്ള നീക്കം ഊർജിതമായി തുടരുന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു.
Adjust Story Font
16