പി.സി.ആർ പരിശോധനയ്ക്ക് വിധേയരാവണം; യു.എ.ഇയിൽ ബലി പെരുന്നാളിന് കോവിഡ് ജാഗ്രതാ നിർദേശം
ബന്ധുക്കളെ സന്ദർശിക്കുമ്പോൾ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. ബലിയറുക്കാൻ ലൈസൻസില്ലാത്ത തൊഴിലാളികളെ ചുമതലപ്പെടുത്തരുത് തുടങ്ങിയവയാണ് മറ്റു നിർദേശങ്ങൾ
ദുബൈ: യു.എ.ഇയിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് കോവിഡ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ആഘോഷങ്ങൾ സുരക്ഷിതമാക്കാൻ ജനങ്ങൾ 72 മണിക്കൂർ മുമ്പ് പി.സി.ആർ പരിശോധനക്ക് വിധേയമാകണമെന്ന് ദേശീയ ദുരന്തനിവാരണ സമിതി നിർദേശം നൽകി. പെരുന്നാൾ ദിവസം അയൽവീടുകളിൽ ബലിമാംസവും സമ്മാനങ്ങളും എത്തിക്കാൻ സമിതി അനുമതി നൽകി.
അയൽവീടുകളിലേക്ക് ബലിമാംസം, പെരുന്നാൾ സമ്മാനം, ഭക്ഷണം എന്നിവ എത്തിക്കാൻ അനുമതിയുണ്ടെങ്കിലും വൃത്തിയുള്ളതും അണുവിമുക്തമാക്കിയതുമായ ബാഗുകളിലോ ബോക്‌സുകളിലോ ആയിരിക്കണം ഇവ വിതരണം ചെയ്യേണ്ടതെന്നും സമിതി നിർദേശിച്ചു. ആഘോഷങ്ങളിൽ പരസ്പരം ഹസ്തദാനം ഒഴിവാക്കണം. കുട്ടികൾക്ക് പെരുന്നാൾ പണം നൽകുന്നതിന് ആപ്പുകളും മറ്റു ഓൺലൈൻ സംവിധാനങ്ങളും ഉപയോഗിക്കണം. ആഘോഷങ്ങൾ പരമാവധി സ്വന്തം കുടുംബത്തിനകത്ത് പരിമിതപ്പെടുത്താൻ ശ്രമിക്കണം.
ബന്ധുക്കളെ സന്ദർശിക്കുമ്പോൾ മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം. ബലിയറുക്കാൻ ലൈസൻസില്ലാത്ത തൊഴിലാളികളെ ചുമതലപ്പെടുത്തരുത്. ഇതിന് ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ സംവിധാനം ഉപയോഗപ്പെടുത്തണം, അറവുശാലകളിൽ ജനക്കൂട്ടം പാടില്ലെന്നും നിർദേശങ്ങളിൽ പറയുന്നു. അതിനിടെ കോവിഡിനെ ഫലപ്രദമായി നേരിട്ട രാജ്യങ്ങളെ കുറിച്ച് ബ്ലൂം ബ്ലെർഗ് തയാറാക്കിയ പട്ടികയിൽ ഉയർന്ന സൂചിക നേടി യു.എ.ഇ മുൻനിരയിലെത്തിയിട്ടുണ്ട്.
Adjust Story Font
16