ദുബൈയിൽ ഏകീകൃത ജനസംഖ്യാ രജിസ്ട്രി വരുന്നു
ജനസംഖ്യയുടെ ഔദ്യോഗിക സ്രോതസാകും
ദുബൈ: ദുബൈയിൽ ഏകീകൃത ജനസംഖ്യാ രജിസ്ട്രി വരുന്നു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുബൈ എമിറേറ്റിലെ ജനസംഖ്യ സംബന്ധിച്ച ഔദ്യോഗിക സ്രോതസായിരിക്കും ഈ രജിസ്ട്രി. ദുബൈ ഡാറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് കോർപേറേഷ്‌ന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലാണ് 'യൂണിഫൈഡ് രജിസ്ട്രി ഓഫ് ദ പോപ്പുലേഷൻ ഓഫ് ദി എമിറേറ്റ് ഓഫ് ദുബൈ' എന്ന ഏകീകൃത രജിസ്ട്രി സൃഷ്ടിക്കുക. ജനസംഖ്യ സംബന്ധിച്ച തൽസമയ ഡാറ്റകൾ ലഭ്യമാക്കുന്നതായിരിക്കും ഈ രജിസ്ട്രി.
ഗവൺമെൻറിന്റെ വിവിധ പദ്ധതികൾ, നയങ്ങൾ, തന്ത്രപരമായ തീരുമാനങ്ങൾ എന്നിവ രൂപപ്പെടുത്താൻ രജിസ്ട്രിയിലെ വിവരങ്ങൾ ഉപയോഗിക്കും. ഭാവിയിലെ ജനസംഖ്യ പ്രവചനങ്ങൾ നടത്താനും ഗവൺമെൻറിന്റെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും രജിസ്ട്രിയിലെ വിവരങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. വിവിധ ഗവൺമെൻറ് സ്ഥാപനങ്ങളുമായി സഹകരിച്ച് ഡാറ്റകളുടെ ശേഖരണം, ഏകോപനം, നിയന്ത്രണം എന്നിവ ദുബൈ ഡാറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് എസ്റ്റാബ്ലിഷ്‌മെൻറ് നിർവഹിക്കും. ഡിസൈൻ, അപ്‌ഡേഷൻ, ദുബൈ സൈബർ സുരക്ഷ എന്നീ ചുമതലകളും ഈ വകുപ്പിനുണ്ടാകും.
Adjust Story Font
16