യുഎഇയില്‍ ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ 3 മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം
ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശമുള്ള യുഎഇ സ്വദേശികള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം നല്‍കുന്നതായി അധികൃതര്‍ അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ആയുധങ്ങളുടെയോ വെടിക്കോപ്പുകളുടെയോ ഉടമസ്ഥാവകാശം നിയമവിധേയമാക്കി പൗരന്മാരെ സഹായിക്കാനാണ് ഈ സംരംഭത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ അവര്‍ നിയമപരമായ നടപടികളില്‍നിന്ന് ഒഴിവാകുമെന്ന് നാഷണല്‍ സെക്ക്യൂരിറ്റി ആയുധ വിഭാഗം ഡയരക്ടര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ സയീദ് അല്‍ നെയാദി അറിയിച്ചു.
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നാഷണല്‍ സെക്ക്യൂരിറ്റി ആയുധ വകുപ്പ് നടത്തുന്ന 'വീട് സുരക്ഷിതമാണ്, രജിസ്‌ട്രേഷന്‍ ഗ്യാരന്റി' എന്ന മുദ്രാവാക്യത്തിന് കീഴിലാണ് രജിസ്‌ട്രേഷന്‍ കാംപയിന്‍ സംഘടിപ്പിക്കുന്നത്.
ആയുധങ്ങള്‍, വെടിമരുന്ന്, സ്ഫോടകവസ്തുക്കള്‍, സൈനിക ഹാര്‍ഡ്വെയറുകള്‍, അപകടകരമായ വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട 2019 ലെ ഫെഡറല്‍ ഡിക്രി 17 നിയമപ്രകാരം, അത്തരം എല്ലാ ആയുധങ്ങളുള്ളവര്‍ ബന്ധപ്പെട്ട അധികാരികളില്‍നിന്ന് ലൈസന്‍സ് കൈപറ്റി രജിസ്റ്റര്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് അല്‍ നെയാദി പൗരന്മാരെ ഓര്‍മ്മിപ്പിച്ചു.
അനുമതിയില്ലാത്ത ആയുധങ്ങള്‍ ഒഴിവാക്കുന്നതിനും അവ പ്രവര്‍ത്തനരഹിതമാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതിനുമായി, ആഭ്യന്തര മന്ത്രാലയ വെബ്സൈറ്റായ www.moi.gov.ae, സ്മാര്‍ട്ട് ആപ്പ് (moiuae) എന്നിവയിലൂടെ സൗജന്യ ഇലക്ട്രോണിക് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
കാംപയ്നിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളും, രജിസ്‌ട്രേഷന്‍ ഘട്ടങ്ങളും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും www.alderman.ae-epw എന്ന വെബ്സൈറ്റിലും ലഭ്യമാണ്. @Aldaraman.ae എന്ന ഇന്‍സ്റ്റാഗ്രാം പേജിലും വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ, അന്വേഷണങ്ങള്‍ക്കായി 8005000 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിക്കാവുന്നതാണ്.
Adjust Story Font
16