വിഴിഞ്ഞത്തിന് വലിയ സാധ്യതകൾ, സുപ്രധാന തുറമുഖമാകും: പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് രാമകൃഷ്ണൻ ശിവസ്വാമി
ഈവർഷത്തെ പ്രവാസി ഭാരതീയ പുരസ്‌കരാം നേടിയ ഗൾഫിലെ ഏക മലയാളിയും ഷിപ്പിങ് രംഗത്തെ അതികായനുമാണ് രാമകൃഷ്ണൻ ശിവസ്വാമി അയ്യർ
ദുബൈ: കേരളത്തിലെ വിഴിഞ്ഞം തുറമുഖം താമസിയാതെ ഇന്ത്യയിലെ സുപ്രധാന പോർട്ടായി വളരുമെന്ന് പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് രാമകൃഷ്ണൻ ശിവസ്വാമി അയ്യർ. പതിറ്റാണ്ടുകളായി ഷിപ്പിങ് മേഖലയിൽ പ്രവർത്തിക്കുന്ന തന്റെ സ്ഥാപനം ഏവിയേഷൻ രംഗത്തേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. പരിസ്ഥിതി സംരക്ഷണം ഉൾപ്പെടെ കേരളത്തിന്റെ വിവിധ മേഖലകളിൽ ജീവകാരുണ്യ പ്രവർത്തനം ഊർജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈവർഷത്തെ പ്രവാസി ഭാരതീയ പുരസ്‌കരാം നേടിയ ഗൾഫിലെ ഏക മലയാളിയും ഷിപ്പിങ് രംഗത്തെ അതികായനുമായ രാമകൃഷ്ണൻ ശിവസ്വാമി അയ്യർ പുരസ്‌കാരലബ്ധിക്ക് ശേഷം ദുബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വിഴിഞ്ഞം തുറമുഖത്തെ കുറിച്ച പ്രതീക്ഷകൾ പങ്കുവെച്ചത്. നിലവിൽ മുപ്പത് കപ്പലുകൾ സ്വന്തമായുള്ള ട്രാൻസ് വേൾഡ് ഗ്രൂപ്പ് ഏവിയേഷൻ രംഗത്ത് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് സ്വകാര്യ ആഡംബര വിമാനങ്ങൾ കൂടി സ്വന്തമാക്കിയിട്ടുണ്ട്. ഈ രംഗത്ത് പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമൃതാനന്ദമയി മഠവുമായി സഹകരിച്ച് ഇന്ത്യയിൽ പത്ത് ലക്ഷം വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്ന പദ്ധതിയിൽ പങ്കാളിയാണ് ഇദ്ദേഹത്തിന്റെ സ്ഥാപനം. ഇപ്പോൾ കൊല്ലം കേന്ദ്രീകരിച്ച് നടക്കുന്ന കേരളത്തിലെ സാമൂഹിക പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കും.
വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ബിസിനസ് രംഗങ്ങളിൽ കേരളത്തിലെ യുവാക്കൾ ഇന്ത്യയിലെ വലിയ സമ്പത്താണ്. സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകി കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കും. തന്റെ വളർച്ചക്ക് യു.എ.ഇ ഭരണാധികാരികൾ നൽകിയ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും രാമകൃഷ്ണൻ ശിവസ്വാമി അയ്യർ പറഞ്ഞു.
Adjust Story Font
16