Quantcast

പശ്ചിമേഷ്യൻ സംഘർഷം; വ്യോമഗതാഗതം തടസ്സപ്പെട്ടു

16 വിമാനക്കമ്പനികളുടെ 81 വിമാനങ്ങളെയാണ് മിസൈലാക്രമണം ബാധിച്ചത്

MediaOne Logo

Web Desk

  • Published:

    3 Oct 2024 6:32 AM GMT

പശ്ചിമേഷ്യൻ സംഘർഷം; വ്യോമഗതാഗതം തടസ്സപ്പെട്ടു
X

ദുബൈ: ഇസ്രായേലിനെതിരെ ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ തടസ്സപ്പെട്ട് പശ്ചിമേഷ്യയിലെ വ്യോമഗതാഗതം. എമിറേറ്റ്സിന്റേതടക്കം നിരവധി വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ഇന്നും നാളെയുമായി ഷെഡ്യൂൾ ചെയ്ത നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. എയർക്രാഫ്റ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ളൈറ്റ് റഡാർ ട്വന്റി ഫോറിന്റെ കണക്കു പ്രകാരം 16 വിമാനക്കമ്പനികളുടെ 81 വിമാനങ്ങളെയാണ് മിസൈലാക്രമണം ബാധിച്ചത്.

എമിറേറ്റ്സ്, ബ്രിട്ടീഷ് എയർവേയ്സ്, ലുഫ്താൻസ, ഖത്തർ എയർവേയ്സ് തുടങ്ങിയ വിമാനക്കമ്പനികളുടെ വിമാനങ്ങൾ സാധിക്കുന്ന സ്ഥലത്ത് എത്രയും വേഗം ലാൻഡ് ചെയ്യാനായിരുന്നു നിർദേശമെന്ന് ഫ്ളൈറ്റ് റഡാർ വക്താവ് പറയുന്നു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള നിരവധി വിമാനങ്ങൾ കൈറോയിലും ഇസ്താംബൂളിലും ദക്ഷിണ തുർക്കിയിലെ അൻതല്യയിലുമാണ് ഇറക്കിയത്. യൂറോപ്യൻ നഗരങ്ങളിൽ നിന്ന് പശ്ചിമേഷ്യയിലേക്ക് യാത്ര തുടങ്ങിയ ചില വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്ത വിമാനത്താവളത്തിലേക്ക് തന്നെ തിരിച്ചു പോയി. ആക്രമണം നടന്ന ഉടൻ തന്നെ യൂറോപ്യൻ എയർ ട്രാഫിക് കൺട്രോൾ ഏജൻസിയായ യൂറോ കൺട്രോൾ സ്ഥിതിഗതികളെ കുറിച്ച് പൈലറ്റുമാർക്ക് മുന്നറിയിപ്പു നൽകിയിരുന്നു.

ആക്രമണത്തിന് പിന്നാലെ ജോർദാൻ, ഇറാഖ്, ലബനാൻ വ്യോമപാതകൾ സമ്പൂർണമായി അടച്ചു. ഇവിടങ്ങൾ വഴിയുള്ള വ്യോമഗതാഗതം ഇനിയും പൂർണമായി പുനഃസ്ഥാപിക്കാനായിട്ടില്ല. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇന്നും നാളെയുമായി ഷെഡ്യൂൾ ചെയ്ത നിരവധി വിമാനങ്ങൾ റദ്ദാക്കി. ദുബൈ-ലണ്ടൻ, ദുബൈ-ബഹ്റൈൻ, ദുബൈ-കുവൈത്ത്, ദുബൈ-മസ്‌കത്ത് വിമാനങ്ങൾ റദ്ദാക്കിയവയിലുണ്ട്. ഇറാഖിലെ ബസറ, ബഗ്ദാദ്, ഇറാനിലെ തെഹ്റാൻ, ജോർദാനിലെ അമ്മാൻ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. ദുബൈയിൽനിന്ന് ഇസ്രായേലിലെ തെൽ അവീവിലേക്കുള്ള ഫ്ളൈ ദുബൈയുടെ സർവീസുകളും ഉപേക്ഷിച്ചിട്ടുണ്ട്. അതേസമയം, ആക്രമണം ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെ ബാധിച്ചിട്ടില്ല.

TAGS :

Next Story