തൊഴിൽതർക്ക പരാതി നൽകിയ ജീവനക്കാരൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?
തൊഴിലുടമകളുടെയും ജീവനക്കാരുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കുന്ന തൊഴിൽനിയമമാണ് യു.എ.ഇക്കുള്ളത്. ഇരു കക്ഷികളും തമ്മിലുള്ള തൊഴിൽ തർക്കത്തിൽ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തിന് പരാതി നൽകാൻ ഇരുവർക്കും അനുമതിയുണ്ട്.
പരാതി നൽകിയാൽ, അത് പരിശോധിച്ച് രമ്യമായി പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, അത് ജുഡീഷ്യറിക്ക് കൈമാറും. ഇത്തരത്തിൽ തൊഴിൽ പരാതി ലേബർ കോടതിയിലേക്ക് റഫർ ചെയ്താൽ ഓരോ തൊഴിലാളിയും നാലു കാര്യങ്ങൾ ശ്രദ്ധിക്കണം.
കേസ് റഫറൽ അംഗീകരിച്ച തീയതി മുതൽ പരമാവധി 14 ദിവസത്തിനുള്ളിൽ തന്നെ തൊഴിലാളി ബന്ധപ്പെട്ട കോടതിയിൽ ആ തൊഴിൽ പരാതി രജിസ്റ്റർ ചെയ്തിരിക്കണം.
മന്ത്രാലയത്തിൽനിന്ന് താൽക്കാലിക വർക്ക് പെർമിറ്റ് നേടാതെ മറ്റൊരു തൊഴിലുടമയ്ക്ക് വേണ്ടി ജോലി ചെയ്യുന്നതിൽ നിന്ന് ഈ തൊഴിലാളി വിട്ടുനിൽക്കണം.
ഇരുകക്ഷികളും തമ്മിലുള്ള തൊഴിൽ ബന്ധം അവസാനിപ്പിച്ച സാഹചര്യത്തിൽ, കേസിലെ അന്തിമ വിധി വന്ന തീയതി മുതൽ, 14 ദിവസത്തിനുള്ളിൽ യഥാർത്ഥ വർക്ക് പെർമിറ്റ് റദ്ദാക്കാനുള്ള അഭ്യർത്ഥന ജീവനക്കാരൻ സമർപ്പിക്കണം.
ഈ ജോലിക്കാരന് മറ്റൊരു ജോലി ചെയ്യണമെങ്കിൽ, പുതിയ തൊഴിലുടമയുമായി ഒരു താൽക്കാലിക വർക്ക് പെർമിറ്റിന് അപേക്ഷിക്കുകയും വേണം.
തൊഴിൽ പരാതി തൊഴിലാളിയുടെ ജോലി തന്നെ അവസാനിപ്പിക്കുന്നതിലേക്ക് നീങ്ങിയാൽ, ആ പരാതി ലേബർ കോടതിയിലേക്ക് റഫർ ചെയ്ത തീയതി മുതൽ 6 മാസത്തിന് ശേഷം പ്രസ്തുത തൊഴിലാളിയുടെ വർക്ക് പെർമിറ്റ് സ്വമേദയാ റദ്ദാക്കപ്പെടുന്നതുമായിരിക്കും.
Adjust Story Font
16