വാഹന ഇൻഷുറൻസ് പുതുക്കുമ്പോൾ പ്രീമിയം തുകയിൽ ആർക്കൊക്കെ ഇളവ് ലഭിക്കും?
യു.എ.ഇയിൽ വാഹന ഇൻഷുറൻസ് പോളിസി പുതുക്കുമ്പോൾ പ്രീമിയം തുകയിൽ ഇളവ് ലഭിച്ചേക്കാം. പക്ഷെ വാഹന ഉടമകൾ ചില മാനദണ്ഡങ്ങൾ പൂർത്തിയാകണമെന്ന് മാത്രം. അപകടങ്ങളൊന്നും വരുത്താതെ വാഹനമോടിച്ച് നിശ്ചിത ഇൻഷുറൻസ് കാലാവധി പൂർത്തിയാക്കിയവർക്കാണ് ഇൻഷുറൻസ് പുതുക്കുമ്പോൾ പ്രീമിയം തുകയിൽ ഇളവ് ലഭിക്കുക.
മികച്ച ഡ്രൈവിങ് റെക്കോഡുള്ള വാഹന ഉടമകൾക്ക് ഇൻഷുറൻസ് കമ്പനികളിൽനിന്ന് ഈ ഇളവ് ചോദിച്ചു വാങ്ങാൻ അവകാശമുണ്ടായിരിക്കും. 2021ലും അതിനുമുൻപും 50 ശതമാനം വരെയാണ് ഈ ഇനത്തിൽ ഇളവ് ലഭിച്ചിരുന്നതെങ്കിൽ ഇനി മുതൽ അത്രയും വലിയ കിഴിവ് പ്രതീക്ഷിക്കേണ്ടതില്ല.
മുൻ പോളിസി വർഷത്തിൽ, ഇൻഷുറൻസ് ക്ലെയിമിലേക്ക് നയിച്ച അപകടങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് അവരുടെ രേഖകൾ തെളിയിക്കുന്ന പക്ഷം, 10 ശതമാനം വരെയാണ് പുതിയ ക്ലെയ്മിൽ കിഴിവ് ലഭിക്കുക.
കഴിഞ്ഞ രണ്ട് വർഷങ്ങളിലും അപകടവുമായി ബന്ധപ്പെട്ട ക്ലെയിമുകളില്ലാത്ത വാഹന ഉടമകൾക്ക് 15 ശതമാനവും കിഴിവ് ലഭിക്കുന്നതായിരിക്കും. അതു പ്രകാരം തന്നെ, മുൻപത്തെ മൂന്ന് വർഷങ്ങളിലും അപകടവുമായി ബന്ധപ്പെട്ട ക്ലെയിമുകളില്ലാത്തവർക്ക് 20 ശതമാനം വരെയും കമ്പനികൾ കിഴിവ് നൽകുന്നതായിരിക്കും.
കൂടാതെ, മുൻവർഷത്തെ അതേ കമ്പനിയിൽ പോളിസി പുതുക്കുന്ന ഉപഭോക്താക്കൾക്ക് ചില ഇൻഷുറൻസ് കമ്പനികൾ 10 ശതമാനം വരെ 'ലോയൽറ്റി കിഴിവ്' നൽകാനും സാധ്യതയുണ്ട്.
Adjust Story Font
16