ഗതാഗത നിയമലംഘനം; ദുബൈയിൽ രണ്ട് ദിവസത്തിനിടെ പിടികൂടിയത് 36 വാഹനങ്ങൾ
അപകടരഹിത യാത്ര ഉറപ്പാക്കാൻ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന് ദുബൈ പൊലീസ് അറിയിച്ചു
ദുബൈയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ 36 വാഹനങ്ങൾ പിടികൂടി. നിയമലംഘകർക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി റോഡുകളിൽ നിരീക്ഷണവും ശക്തമാക്കി. അപകടരഹിത യാത്ര ഉറപ്പാക്കാൻ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന് ദുബൈ പൊലീസ് അറിയിച്ചു.
അശ്രദ്ധവും അപകടകരവുമായ ഡ്രൈവിങ്, റോഡിലെ മറ്റ് വാഹനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുക, വാഹനങ്ങളുടെ എൻജിൻ, ചേസിസ് എന്നിവയിൽ നിയപരമല്ലാത്ത രീതിയിൽ മാറ്റം വരുത്തുക, നഗരവാസികൾക്ക് ശല്യം സൃഷ്ടിക്കുക, നമ്പർപ്ലേറ്റിലെ വ്യക്തതയില്ലായ്മ, ഡ്രൈിവിങ്ങിനിടെ റോഡിൽ മാലിന്യങ്ങൾ വലിച്ചെറിയുക തുടങ്ങിയ കുറ്റങ്ങളുടെ പേരിലാണ് 36 വാഹനങ്ങൾപിടികൂടിയത്.
ഇത്തരം നിയമലംഘകർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്ന് ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ട്രാഫികിന്‍റെ ഡെപ്യൂട്ടി ഡയറക്ടർ കേണൽ മുഹമ്മദ് അബ്ദുള്ള ഖൽഫാൻ അൽ ഖുവേദി പറഞ്ഞു. 2023ൽ പാസാക്കിയ ഫെഡറൽ നിയമപ്രകാരം ഇത്തരം നിയമ ലംഘനങ്ങൾക്ക് 50,000 ദിർഹം വരെയാണ് ഫൈൻ. നിയമ ലംഘനങ്ങൾക്കെതിരെ ദുബൈ ട്രാഫിക് പൊലീസ് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുകയോ റോഡുകൾക്ക് കേടുപാടു വരുത്തുകയോ ചെയ്യുന്ന രീതിയിൽ അമിത വേഗതയിൽ വാഹനമോടിക്കുന്നവർക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനം. . നിയമം ലംഘിക്കുന്നവരിൽ 80 ശതമാനം പേരും വലിയ അപകടങ്ങളിൽപ്പെടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്. നിയമലംഘകരെ പിടികൂടുന്നതിൽ പൊലീസ് വിട്ടുവീഴ്ച കാണിക്കില്ല. ദുബൈ പൊലീസ് ആപ്പിലെ പൊലീസ് ഐ സേവനങ്ങൾ ഉപയോഗിച്ച് നിയമലംഘനങ്ങൾ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Adjust Story Font
16