വിർച്വൽ ഡ്രൈവിങ് ലൈസൻസിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകി
മൊബൈൽ ഐഡി ആപ്പിൽ ലൈസൻസ് വിവരങ്ങൾ ഉണ്ടെങ്കിലും വാഹനമോടിക്കുമ്പോൾ ഡ്രൈവിങ് ലൈസൻസ് കാർഡ് കൈവശം വെക്കണമെന്നു കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് നിർദേശിച്ചിരുന്നു.

വിർച്വൽ ഡ്രൈവിങ് ലൈസൻസിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകി. അടുത്തിടെ കുവൈത്ത് മൊബൈൽ ഐഡി ആപ്പിൽ ഉൾപ്പെടുത്തിയ ഡ്രൈവിങ് ലൈസൻസിന്റെ ഡിജിറ്റൽ പതിപ്പിനാണ് അഗീകാരം ലഭിച്ചത്. ഒരാഴ്ച മുമ്പാണ് കുവൈത്ത് മൊബൈൽ ഐഡി ആപ്ലിക്കേഷൻ ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ്, കോവിഡ് വാക്‌സിന്റെ മൂന്നാമത്തെ ഡോസ് എന്നിവ സംബന്ധിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തി പരിഷ്‌കരിച്ചത്.
സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽവത്കരിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയത്. മൊബൈൽ ഐഡിയുടെ വരവോടെ സിവിൽ ഐഡി കാർഡ് കൊണ്ടുനടക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മൊബൈൽ ഐഡി ആപ്പിൽ ലൈസൻസ് വിവരങ്ങൾ ഉണ്ടെങ്കിലും വാഹനമോടിക്കുമ്പോൾ ഡ്രൈവിങ് ലൈസൻസ് കാർഡ് കൈവശം വെക്കണമെന്നു കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് നിർദേശിച്ചിരുന്നു. ആഭ്യന്തരമന്ത്രാലയത്തിൽ നിന്നുള്ള സാങ്കേതിക അംഗീകാരം ലഭിക്കാത്തതായിരുന്നു കാരണം. ഡ്രൈവിങ് ലൈസൻസിന് കൂടി അംഗീകാരം ലഭിച്ചത് സ്വദേശികൾക്കും വിദേശികൾക്കും ഉപകാരപ്രദമാണ്. വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും അധികം വൈകാതെ കുവൈത്ത് മൊബൈൽ ഐഡിയിൽ ഉൾപ്പെടുത്തുമെന്ന് വാർത്താവിനിമയ മന്ത്രി ഡോ. റന അൽ ഫാരിസ് വ്യക്തമാക്കിട്ടുണ്ട്.
Adjust Story Font
16