മയ്‌സ കാര, അൽമാസ്, ഹുസൈൻ ജാസ്മി; ദുബൈ എക്‌സ്‌പോയുടെ ഹൃദയം കീഴടക്കി 'ഹാദാ വഖ്തുനാ..'
മണിക്കൂറുകൾക്കം ഒന്നര ലക്ഷം പേരാണ് ഗാനം യൂട്യൂബിൽ കണ്ടത്
'ഒരു ശബ്ദം, ഒരു കുടുംബം.. ഒരു കൈവെള്ളയിൽ ലോകം ഒന്നിച്ചുനിൽക്കുമ്പോൾ..ഇത് നമ്മുടെ സമയം..' ദുബായ് എക്‌സ്‌പോയുടെ ഭാഗമായി പുറത്തിറക്കിയ ഔദ്യോഗിക ഗാനം ഹൃദയങ്ങൾ കീഴടക്കുകയാണിപ്പോൾ. ഹാദാ വഖ്തുനാ (ഇത് നമ്മുടെ സമയം) എന്ന പേരില്‍ ചൊവ്വാഴ്ച പുറത്തിറക്കിയ ഗാനം മണിക്കൂറുകൾക്കം ഒന്നര ലക്ഷം പേരാണ് യൂട്യൂബിൽ കണ്ടത്.
യുഎഇയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ ആഘോഷിക്കുന്ന ഗാനത്തിന് ശബ്ദം നൽകിയിരുന്നത് ഇമാറാത്തി ഗായകൻ ഹുസൈൻ അൽ ജാസ്മി, യുഎസ്-ലബനീസ് ഗായിക മയ്‌സ കാര, ഇമാറാത്തി ഗായിക അൽമാസ് എന്നിവർ ചേർന്നാണ്.
എക്‌സ്‌പോയുടെ അംബാസഡറാണ് ഹുസൈൻ ജാസ്മി. ഗ്രാമി പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട ഗായികയും പാട്ടെഴുത്തുകാരിയുമാണ് മയ്‌സ കാര. എക്‌സ്‌പോയിലെ ഫിർദൗസ് ഓർക്കസ്ട്രയുടെ കലാസംവിധായികയാണ്. 21കാരിയായ അൽമാസ് മധ്യേഷ്യയിലെ ഏറ്റവും മികച്ച ഗായികയായി സ്‌പോട്ടിഫൈ പട്ടികയിൽ ഇടംപിടിച്ച കലാകാരിയാണ്.
ഔദ്യോഗിക ഗാനത്തിന് അവിശ്വസനീയ കഴിവുകളുള്ള കലാകാരന്മാരുടെ ശബ്ദം ലഭിച്ചതിൽ ആഹ്ളാദമുണ്ടെന്ന് എക്‌സ്‌പോ സിഇഒ മർജാൻ ഫറൈദൂനി പറഞ്ഞു. അഭിമാനത്തിന്റെയും വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും പാട്ടാണ് ദിസ് ഈസ് ഔർ ടൈമെന്ന് ഹുസൈൻ അൽ ജാസ്മി പ്രതികരിച്ചു. ഒരുമിച്ചു നിന്നാൽ മികച്ച ലോകം സാധ്യമാണെന്ന പ്രതീക്ഷയും വിശ്വാസവുമാണ് ഗാനം പങ്കുവയ്ക്കുന്നതെന്ന് അൽമാസ് പറഞ്ഞു. ഏറ്റവും മികച്ച കലാകാരന്മാർക്കൊപ്പം എക്‌സ്‌പോയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ ആഹ്ലാദമുണ്ടെന്നായിരുന്നു മിസ കാരയുടെ പ്രതികരണം.
ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെയാണ് ദുബൈ എക്‌സ്‌പോ. ആറു മാസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ നിരവധി കലാപരിപാടികൾ അരങ്ങേറും.
Adjust Story Font
16