ബഹ്‌റൈനിൽ ഒരുക്കിയ ഗ്രാമീണ കാര്‍ഷികച്ചന്തയിൽ വിപുലമായ ജനപങ്കാളിത്തം
കാർഷികച്ചന്തയിൽ കഴിഞ്ഞ ദിവസം പത്തൊമ്പതിനായിരം പേരാണ് സന്ദർശനത്തിനെത്തിയത്
മനാമ: പ്രാദേശിക ഉല്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ട് ആരംഭിച്ച ബഹ്റൈനിലെ ഗ്രാമീണ കാർഷികച്ചന്തയിൽ വിപുലമായ ജനപങ്കാളിത്തം. പച്ചക്കറികളും പഴങ്ങളും തനിമയോടെ ലഭ്യമാകുന്ന കാർഷികച്ചന്തയിൽ കഴിഞ്ഞ ദിവസം പത്തൊമ്പതിനായിരം പേരാണു സന്ദർശനത്തിനെത്തിയത്. ബഹ്‌റൈനിന്റെ മണ്ണിലും കാലാവസ്ഥാഘടനയിലും വിളയിച്ചെടുക്കുന്ന പഴങ്ങളും പച്ചക്കറികളുമാണ് ഈ ചന്തയിലെ പ്രധാന ആകർഷണം. ബുദയ്യ ഹൈവെക്ക് സമീപം നോർത്തേൺ ഗവണറേറ്റിലെ പോലീസ് ആസ്ഥാനത്തിനടുത്തുള്ള ഗാർഡനിലാണ് ഈ നാടൻ കർഷകവിപണി.
ആവശ്യമുള്ള പച്ചക്കറിയും പഴങ്ങളും തനിമയോടെ തന്നെ വാങ്ങാമെന്നതിനാൽ പ്രവാസികളടക്കം നിരവധി പേരാണ് ഇവിടെ സന്ദർശിക്കാനെത്തുന്നത്. ശനിയാഴ്ച രാവിലെ 7 മണി മുതൽ 1 മണി വരെയാണ് സന്ദർശകർക്കുള്ള സമയം. പ്രാദേശിക കര്‍ഷകരുടെ ഉല്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുവാനായി നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രിക്കൾച്ചറൽ ഡവലപ്മെന്റും വിവിധ സർക്കാർ മന്ത്രാലയങ്ങളും ചേർന്നാണ് വർഷങ്ങളായി മേള സംഘടിപ്പിച്ചുവരുന്നത്.
രാജ്യത്തെ പ്രാദേശിക മേഖലകളിൽ നിന്നുള്ള പച്ചക്കറികളും പഴങ്ങളും കർഷകരിൽ നിന്ന് ഇടനിലക്കാരില്ലാതെ ഇവിടെ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. സ്വദേശികൾക്കും വിവിധ രാജ്യക്കാരായ പ്രവാസികൾക്കും പുറമെ സൗദി അറേബ്യയിൽ നിന്നുള്ളവരും ചന്ത സന്ദർശിക്കാനെത്തുന്നു.ഈത്തപ്പഴം, തേൻ, സുഗന്ധ വ്യഞ്ജനങ്ങൾ, നാടൻ ഔഷധങ്ങൾ എന്നിവക്കായി പ്രത്യേക സ്റ്റാളുകളും ഇവിടെ ഒരുക്കിയിട്ടുണ്ട് . ബഹ് റൈന്റെ പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളുൾക്കും കരകൗശല വസ്തുക്കൾക്കുമായി സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളും വിവിധ കലാപരിപാടികളും സന്ദർശകരെ ആകർഷിക്കുന്നു.
Adjust Story Font
16