ഹജ്ജിന്‍റെ പുണ്യ നാളുകള്‍ക്ക് നാളെ സമാപനം
24 ലക്ഷത്തിലേറെ തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജിനായി എത്തിയത്
ഹജ്ജിന്റെ അഞ്ചാം ദിനമായ ഇന്ന് കർമ്മങ്ങൾ തീര്‍ത്ത് പകുതിയോളം ഹാജിമാര്‍ ഹജ്ജിനോട് വിടപറയും. മസ്ജിദുല്‍ ഹറാമില്‍ വിടവാങ്ങല്‍ പ്രദക്ഷിണം നിര്‍വഹിച്ച ശേഷമായിരിക്കും ഹാജിമാര്‍ മടങ്ങുക. പകുതിയിലേറെ ഇന്ത്യന്‍ ഹാജിമാരും ഇതിലുൾപ്പെടുന്നു. നാളെയാണ് ഹജ്ജിന്റെ സമാപനം.
ദുല്‍ഹജ്ജ് പന്ത്രണ്ട് അഥവാ കല്ലേറ് കര്‍മം നടത്തി സൂര്യാസ്തമയത്തിന് മുൻപ് ഹാജിമാര്‍ക്ക് ഹജ്ജ് കര്‍മങ്ങള്‍ അവസാനിപ്പിക്കാന്‍ അനുവാദമുണ്ട്. ഇതുപയോഗപ്പെടുത്തി തീര്‍ഥാടക ലക്ഷങ്ങള്‍ നാളെ വൈകുന്നേരത്തോടെ മിനായില്‍ നിന്നും മടങ്ങും. കല്ലേറ് നടക്കുന്ന ജംറയില്‍ രാവിലെ മുതല്‍ ഹാജിമാര്‍ എത്തി അവസാന കല്ലേറ് കര്‍മം പൂര്‍ത്തിയാക്കും. കല്ലേറ് നടത്തിയ ശേഷം തീര്‍ഥാടകര്‍ വിടവാങ്ങല്‍ പ്രദക്ഷിണത്തിനായി മക്കയിലേക്ക് പോകും. കഅ്ബാ പ്രദക്ഷിണം പൂര്‍ത്തിയാക്കി ആഭ്യന്തര തീര്‍ഥാടകര്‍ നാട്ടിലേക്ക് മടങ്ങും.
വിദേശ തീര്‍ഥാടകരില്‍ മദീന സന്ദര്‍ശനം നടത്താനുള്ളവര്‍ അതിനായി നീങ്ങും. ബാക്കിയുള്ളവര്‍ നാട്ടിലേക്കുള്ള മടക്ക യാത്രക്കുള്ള തയ്യാറെടുപ്പിലേക്കും. ഈ മാസം 27 മുതലാണ് ഇന്ത്യന്‍ തീര്‍ഥാടകരുടെ മടക്കയാത്ര തുടങ്ങുക. 24 ലക്ഷത്തിലേറെ തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജിനായി എത്തിയത്. ഇതില്‍ 18 ലക്ഷത്തോളം പേര്‍ വിദേശികളായിരുന്നു.
Adjust Story Font
16