ഹജ്ജിനെ വരവേല്‍ക്കാന്‍ മലയാളി സംഘടനകള്‍; മക്കയില്‍ കെ.എം.സി.സി വളണ്ടിയര്‍ സംഗമം, ഇന്ന് മുതല്‍ കൂടുതല്‍ സംഘടനകള്‍ രംഗത്ത്
ജൂലൈ നാലിനെത്തുന്ന ഹാജിമാരെ സ്വീകരിക്കാന്‍ മദീനയിലും സജ്ജമാണ് സംഘടനകള്‍
അടുത്തയാഴ്ചയെത്തുന്ന ഹാജിമാരെ സ്വീകരിക്കാന്‍ മലയാളി സന്നദ്ധ സംഘടനകള്‍ ഒരുക്കം പൂര്‍ത്തിയാക്കി. സൌദിയിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കെഎംസിസി ഹജ്ജിനു മുന്നോടിയായി മക്കയില്‍ വളണ്ടിയര്‍ സംഗമം സംഘടിപ്പിച്ചു. കൊടും ചൂടില്‍ ഹാജിമാര്‍ക്ക് തണലാകും സംഘടനകളുടെ സഹായം.
കനത്ത് തുടങ്ങുന്നതിനിടെ ഇന്നലെ മക്കയില്‍ രേഖപ്പെടുത്തിയത് 47 ഡിഗ്രി ചൂട്. ഇതിനാല്‍ തന്നെ ഹാജിമാര്‍ക്ക് കൂടുതല്‍ സേവനം അനിവാര്യമാകും ഇത്തവണ. നിര്‍ജലീകരണ സാധ്യതകളടക്കം മുന്നില്‍ കണ്ടാണ് മലയാളി സേവന സംഘടനകളുടെ പ്രവര്‍ത്തനം. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ആദ്യം രംഗത്തെത്തിയത് കെ.എം.സി.സിയാണ്.
മക്കയില്‍ സംഘടിപ്പിച്ച വളണ്ടിയര്‍ സംഗമം യൂത്ത് ലീഗ് നാഷനല്‍ കമ്മിറ്റി ഉപാദ്ധ്യക്ഷന്‍ അഡ്വ. ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. ഡോ. സുലൈമാന്‍ മേല്‍പത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കുഞ്ഞുമോന്‍ കാക്കിയ അദ്ധ്യക്ഷത വഹിച്ചു. സുലൈമാന്‍ മാളിയേക്കല്‍, മുജീബ് പൂക്കോട്ടൂര്‍, സലാം കിന്‍സാര എന്നിവര്‍ സംസാരിച്ചു. ഇതര പ്രവാസി സംഘടനകളുടെ വളണ്ടിയര്‍ സംഗമങ്ങള്‍ ഇന്നു മുതലുണ്ട്. ജൂലൈ നാലിനെത്തുന്ന ഹാജിമാരെ സ്വീകരിക്കാന്‍ മദീനയിലും സജ്ജമാണ് സംഘടനകള്‍.
Adjust Story Font
16