ആദ്യ ഇന്ത്യന്‍ സംഘത്തിന് പിന്നാലെ സ്വകാര്യ മലയാളി ഹാജിമാരും എത്തിയതോടെ നിറഞ്ഞ് തുടങ്ങി മക്കയും മദീനയും
ഇന്ത്യന്‍ സംഘത്തെ അംബാസിഡറും കോണ്‍സുല്‍ ജനറലും ചേര്‍ന്ന് സ്വീകരിച്ചു
ആദ്യ സംഘത്തെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ഔസാഫ് സഈദ്, കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്കയിലേക്കും മദീനയിലേക്കും ഹാജിമാരുടെ ഒഴുക്കാരംഭിച്ചു. ഇന്ത്യന്‍ ഹാജിമാരെ മദീന വിമാനത്താവളത്തില്‍ അംബാസിഡറുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഇന്ന് പത്ത് വിമാനങ്ങളാണ് ഇന്ത്യയില്‍ നിന്നെത്തുക.
പുലര്‍ച്ചെ മൂന്നേക്കാലിനാണ് ഡല്‍ഹിയില്‍ നിന്നുള്ള ഹജ്ജ് സംഘം മദീനയിലെത്തിയത്. ആദ്യ സംഘത്തിലെത്തിയത് 420 തീര്‍ഥാടകര്‍. ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ഔസാഫ് സയിദും കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖിന്റേയും നേതൃത്വത്തില്‍ സ്വീകരിച്ചു. ഹജ്ജ് കോണ്‍സുല്‍ വൈ. യാസിര്‍, എംബസി ഉദ്യോഗസ്ഥരായ നജ്മുദ്ദീന്‍, വിവിധ സേവന വിഭാഗങ്ങളുടെ തലവന്മാര്‍ എന്നിവരും ഹാജിമാരെ സ്വീകരിക്കാനെത്തിയിരുന്നു.
എട്ട് ദിനമാണ് മദീനയിലെത്തുന്ന ഹാജിമാര്‍ തങ്ങുക. ഇവിടെ ചരിത്ര കേന്ദ്രങ്ങളിലടക്കം സന്ദര്‍ശനം പൂര്‍ത്തിയാക്കി എട്ട് ദിനത്തിന് ശേഷം മക്കയിലേക്ക് മടങ്ങും. മദീനയില്‍ ഹറമിനടുത്ത് മര്‍ക്കസിയയിലാണ് ഹാജിമാര്‍ക്ക് താമസ സൌകര്യം. വിമാനത്താവളത്തില്‍ നിന്നും ബസില്‍ നേരെ ഇവിടേക്കാണ് ഹാജിമാരെയെത്തിക്കുന്നത്. ഇവിടെയുള്ള സൌകര്യങ്ങള്‍ എംബസി, കോണ്‍സുലേറ്റ് നേതൃത്വം പരിശോധിച്ച് മികച്ചതാണെന്ന് ഉറപ്പു വരുത്തി. ഹജ്ജിന് മദീനയില്‍ പ്രധാന ഓഫീസ് കൂടാതെ മൂന്ന് ബ്രാഞ്ച് ഓഫീസുകളും സൌജന്യ ചികിത്സക്ക് ആശുപത്രി സംവിധാനങ്ങളുമുണ്ട്.
ഇതോടൊപ്പം ആദ്യ മലയാളി ഹാജിമാരും മക്കയില്‍ എത്തി തുടങ്ങി. സ്വകാര്യ ഗ്രൂപ്പായ അല്‍ഹിന്ദിന് കീഴില്‍ കരിപ്പൂരില്‍ നിന്നും സ്പേസ്ജെറ്റ് വഴി പുറപ്പെട്ട 51 ഹാജിമാരാണ് മക്കയിലെത്തിയത്. ജിദ്ദ വഴിയാണ് ഇവര്‍ മക്കയില്‍ എത്തിയത്. മക്കയില്‍ ഹാജിമാര്‍ക്ക് ഉഷ്മളമായ സ്വീകരണമാണ് കെഎംസിസി ഉള്‍പ്പെടെയുള്ള മലയാളി സന്നദ്ധ സംഘടനകളുടെ കീഴില്‍ നല്‍കിയത്.
രണ്ട് ലക്ഷം ഇന്ത്യന്‍ ഹാജിമാരാണ് ഇത്തവണ ഹജ്ജ് കര്‍മത്തിനായി എത്തുന്നത്. ഇതില്‍ 1,40,000 പേരാണ് ഹജ്ജ് മിഷന് കീഴില്‍ ഹജ്ജിനെത്തുക. ഇതില്‍ ഇന്നു മുതല്‍ ജൂലൈ 21 വരെ മദീനയിലേക്ക് 63000 ഹാജിമാരെത്തും.
77000 പേര്‍ ജിദ്ദ വിമാനത്താവളം വഴിയാണെത്തുക. ജിദ്ദ വിമാനത്താവളം വഴി ഹാജിമാരുടെ വരവാരംഭിക്കുക ജൂലൈ 20 മുതല്‍ ആഗസ്ത് അഞ്ച് വരെയാണ്. 60000 ഹാജിമാരാണ് ഇത്തവണ സ്വകാര്യ ഗ്രൂപ്പുകളില്‍ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്നത്. കേരളത്തില്‍ നിന്നും 9200 പേരുണ്ടാകും.
കൊടും ചൂടാണ് മക്കയിലും മദീനയിലും അനുഭവപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശക്തമാണ് ചൂട്. നിര്‍ജലീകരണത്തിനുള്ള സാധ്യതയുള്‍പ്പെടെ നിലനില്‍ക്കുന്നു. ഇത് നേരിടാന്‍ കുടകളും മതിയായ വെള്ളവും കരുതാന്‍ ഹജ്ജ് മിഷന്‍ അറിയിച്ചിട്ടുണ്ട്.
മദീനയിലേക്കെത്തുന്നവര്‍ ഹജ്ജിന് ശേഷം ജിദ്ദ വഴി മടങ്ങും. ജിദ്ദയിലെത്തുന്നവര്‍ ഹജ്ജിന് ശേഷം മദീന സന്ദര്‍ശിച്ച് ഇതു വഴിയാണ് മടങ്ങുക.
ഹജ്ജിനെത്താനായതിന്റെ സന്തോഷം മക്കയിലും മദീനയിലുമെത്തിയ ഹാജിമാര്‍ മീഡിയവണിനോട് പങ്കുവെച്ചു. മക്കയിലും മദീനയിലും വിപുലമായ സംവിധാനങ്ങളോടെ ഹജ്ജ് വിശേഷങ്ങള്‍ പ്രേക്ഷകരിലെത്തിക്കാന്‍ സൌദി വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ലൈസന്‍സോടെ തത്സമയം മീഡിയവണ്‍ ഇത്തവണയും ഉണ്ടാകും
Adjust Story Font
16