Quantcast

ചര്‍മരോഗങ്ങള്‍- കാരണങ്ങളും പരിഹാരങ്ങളും

മൊരിച്ചില്‍, വട്ടച്ചൊറി, വളംകടി എന്നിങ്ങനെ സാധാരണയായി കാണുന്ന ചര്‍മരോഗങ്ങളും കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും..

MediaOne Logo

Web Desk

  • Published:

    22 Nov 2018 4:09 PM GMT

ചര്‍മരോഗങ്ങള്‍- കാരണങ്ങളും പരിഹാരങ്ങളും
X

1) മൊരിയല്‍

നിരവധി പേര്‍, പ്രത്യേകിച്ച് വരണ്ട ചര്‍മമുള്ളവര്‍ അനുഭവിക്കുന്ന പ്രശ്നമാണ് മൊരിയല്‍. മഞ്ഞുകാലത്താണ് ഈ പ്രശ്നം രൂക്ഷമാകുന്നത്. കൈകാലുകളിലാണ് കൂടുതലായി കാണുന്നത്. അധികമാകുമ്പോള്‍ ചിലപ്പോള്‍ ചൊറിച്ചിലും അനുഭവപ്പെട്ടേക്കാം. മൊരിച്ചില്‍ മാറ്റാന്‍ ക്രീമുകളും സ്റ്റിറോയ്ഡ് ലേപനങ്ങളും ഉപയോഗിക്കാവുന്നതാണ്.

2) വട്ടച്ചൊറി

ചര്‍മത്തെ ബാധിക്കുന്ന പൂപ്പല്‍ ബാധയാണ് വട്ടച്ചൊറി. അസഹ്യമായ ചൊറിച്ചിലാണ് ലക്ഷണം. ശരീരത്തിന്റെ ഏത് ഭാഗത്തും ബാധിക്കാം. അടിവസ്ത്രങ്ങള്‍ കഴുകി ഉണക്കി വൃത്തിയായി ഉപയോഗിച്ചില്ലെങ്കില്‍ രോഗം വരാന്‍ സാധ്യത കൂടുതലാണ്. വിയര്‍പ്പും വെള്ളവും തങ്ങിനില്‍ക്കുന്ന ഇടങ്ങളിലാണ് വേഗം രോഗം പിടിപെടുക. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആന്റിംഫംഗല്‍ മരുന്നുകളും ലേപനങ്ങളും ഉപയോഗിക്കുക. അല്ലാതെ മെഡിക്കല്‍ ഷോപ്പില്‍ പോയി ഏതെങ്കിലും മരുന്നോ ലേപനമോ ഉപയോഗിക്കുന്നത് പ്രശ്നം ഗുരുതരമാക്കും.

3) ചിരങ്ങ്

കുട്ടികളിലാണ് ഈ രോഗം പ്രധാനമായും കാണുന്നത്. വെള്ളമോ പഴുപ്പോ നിറഞ്ഞ കുമിളകളുണ്ടാവും. കുമികള്‍ പൊട്ടി പൊറ്റ രൂപപ്പെടും. വേദനയും ചൊറിച്ചിലും ഉണ്ടാകാനിടയുണ്ട്. പനിയുമുണ്ടാകും. ഒരുതരം ബാക്ടീരിയയാണ് ഈ രോഗമുണ്ടാക്കുന്നത്. ശുചിത്വക്കുറവാണ് മുഖ്യ കാരണം. ഡോക്ടറുടെ നിര്‍ദേശാനുസരണം ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുക എന്നതാണ് പരിഹാരം.

4) വളംകടി

കാല്‍വിരലുകള്‍ക്കിടയില്‍ അഴുകുന്ന അവസ്ഥയാണിത്. പ്രമേഹം നിയന്ത്രണവിധേയമല്ലാത്തവരിലാണ് കൂടുതലായി കാണുന്നത്. കാല്‍വിരലുകള്‍ക്കിടയില്‍ അകലം കുറയുന്നതും രോഗത്തിന് കാരണമാകുന്നു. ആന്റി ഫംഗല്‍ ഗുളികകളും ലേപനങ്ങളും ഉപയോഗിക്കാം. ഒപ്പം വിരലുകള്‍ക്കിടയില്‍ നനവ് തങ്ങിനില്‍ക്കാതെ ശ്രദ്ധിക്കണം

5) അരിമ്പാറ

ഹ്യൂമന്‍ പാപ്പിലോമ വൈറസാണ് അരിമ്പാറയ്ക്ക് കാരണം. കൈകാലുകളിലെ അരിമ്പാറ കട്ടിയുള്ളതാണ്. അതേസമയം ഗുഹ്യഭാഗങ്ങളിലേത് മൃദുവായ തടിപ്പുകളായി കാണപ്പെടുന്നു. ഏത് ഭാഗത്താണ് അരിമ്പാറ എന്നതിനെ ആശ്രയിച്ചാകും ചികിത്സ. ക്രയോതെറാപ്പി പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അരിമ്പാറ നീക്കം ചെയ്യാം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ലേപനങ്ങളും ഉപയോഗിക്കാം.

6) കാല്‍പാദം വിണ്ടുകീറല്‍

മൊരിയല്‍ പോലെ സാധാരണമാണ് കാല്‍പാദം വിണ്ടുകീറല്‍. ചെറിയ വിള്ളലുകള്‍ മുതല്‍ ആഴമേറിയ മുറിവുകള്‍ വരെയുണ്ടാകാം. മഞ്ഞുകാലത്ത് കൂടും. വരണ്ട ചര്‍മമുള്ളവരിലാണ് കൂടുതലായി കാണുന്നത്. ഈര്‍പ്പം നിലനില്‍ക്കുന്ന ലേപനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. മുറിവുകളുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ആന്റിബയോട്ടിക് ക്രീമുകള്‍ ഉപയോഗിക്കാവുന്നതാണ്.

7) സ്ട്രെച്ച് മാര്‍ക്കുകള്‍

ചര്‍മത്തിലെ ഇലാസ്റ്റിക് നാരുകള്‍ പൊട്ടിപ്പോകുന്നത് കൊണ്ടാണ് സ്ട്രെച്ച് മാര്‍ക്കുകളുണ്ടാകുന്നത്. ശരീരഭാരം പെട്ടെന്ന് കൂടുമ്പോള്‍ ചര്‍മം വലിഞ്ഞുമുറുകുന്നു. ഗര്‍ഭിണികളുടെ വയറിലും കൌമാരക്കാരിലുമെല്ലാം കാണുന്നു. ഒരിക്കലുണ്ടായാല്‍ പൂര്‍ണമായി ഭേദപ്പെടുത്താനാവില്ലെങ്കിലും ചില ലേപനങ്ങള്‍ ഒരു പരിധി വരെ ഫലപ്രദമാണ്.

8) എക്സിമ

അലര്‍ജി രോഗമാണ് എക്സിമ. ഒരു നാണയത്തിന്റെ രൂപത്തില്‍ ചുവന്ന തടിപ്പായി കാണുന്നു. പൊറ്റയും നീരൊലിപ്പുമുണ്ടാകാം. നീരൊലിപ്പുള്ളപ്പോള്‍ ലേപനം പുരട്ടുന്നത് നല്ലതല്ല. ഇളംചൂട് വെള്ളം കൊണ്ടുള്ള ഉപ്പ് ലായനി നല്ലതാണ്. 10 ഗ്ലാസ് വെള്ളത്തില്‍ 5 ടീസ്പൂണ്‍ ഉപ്പ് അലിയിച്ച് ലായനിയുണ്ടാക്കി എക്സിമയുള്ള ഭാഗം ശുചിയാക്കാം. ഒപ്പം ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നും കഴിക്കണം.

TAGS :

Next Story