ദിവസം 9 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥയാണോ നിങ്ങള്‍? സൂക്ഷിക്കണം...
അങ്ങനെയുള്ള സ്ത്രീകളില്‍ വിഷാദരോഗം ബാധിക്കാനുള്ള സാധ്യത 7.3 ശതമാനം കൂടുതലാണെന്നാണ് പഠനം തെളിയിച്ചിരിക്കുന്നത്.
ദിവസം 9 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥയാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കണം, നിങ്ങള്‍ വിഷാദരോഗത്തിന് അടിമപ്പെടാന്‍ സാധ്യതയേറെയാണ്. ഇതുകേട്ട് പുരുഷന്മാര്‍ ഞെട്ടേണ്ട കാര്യമില്ല. കാരണം പുരുഷന്‍മാര്‍ സുരക്ഷിതരാണ്.. എത്ര മണിക്കൂര്‍ കൂടുതല്‍ അധ്വാനിച്ചാലും, സ്ത്രീകളെ ബാധിക്കുന്ന അളവിലുള്ള വിഷാദരോഗം പുരുഷന്‍മാരെ ബാധിക്കുകയേയില്ലെന്നാണ് പുതിയ പഠനം തെളിയിച്ചിരിക്കുന്നത്.
സാധാരണയായി ഒരു സ്ത്രീക്ക് ആഴ്ചയില്‍ 35-40 വരെ മണിക്കൂറുകളാണ് ജോലി ചെയ്യാന്‍ മാനസികമായി സാധിക്കുക. ദിവസം കൂടുതല്‍ മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടിവരുന്ന സ്ത്രീകളെ സംബന്ധിച്ച് ചിലപ്പോള്‍ അത് ആഴ്ചയില്‍ 55 മണിക്കൂര്‍ വരെ ആകാന്‍ സാധ്യതയുണ്ട്. അങ്ങനെയുള്ള സ്ത്രീകളില്‍ വിഷാദരോഗം ബാധിക്കാനുള്ള സാധ്യത 7.3 ശതമാനം കൂടുതലാണെന്നാണ് പഠനം തെളിയിച്ചിരിക്കുന്നത്. എന്നാല്‍, ഈ അവസ്ഥയിലൂടെ കടന്നുപോകേണ്ടിവരുന്ന പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഈ ബുദ്ധിമുട്ടില്ലെന്നും പഠനങ്ങള്‍ പറയുന്നു.
''ചില നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പഠനം നടത്തിയിട്ടുള്ളത്. ഇതിന്റെ കൃത്യമായ കാരണങ്ങള്‍ ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല... പുരുഷന്മാരെ അപേക്ഷിച്ച്, സ്ത്രീകള്‍ക്ക് വീട്ടുജോലിയെന്ന ബാധ്യത കൂടിയുള്ളത് അവരുടെ മൊത്തം ജോലിഭാരവും അവരുടെ ഉത്തരവാദിത്വവും മാനസിക സമ്മര്‍ദ്ദവും കൂട്ടുകയാണ് ചെയ്യുന്നത്. ഇതെല്ലാമാണ് സ്ത്രീകളെ വിഷാദരോഗത്തിലേക്ക് നയിക്കുന്ന ഘടകങ്ങളെന്ന നിഗമനത്തിലാണ് ഞങ്ങളെത്തിയത്'' -എന്ന് പറയുന്നു ഗവേഷണത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷക ജില്‍ വെസ്റ്റണ്‍. കൂടാതെ, എത്ര കൂടുതല്‍ സമയം ജോലി ചെയ്താലും സ്ത്രീകള്‍ക്ക് ലഭിക്കുന്ന വേതനം കുറവാണെന്നതും വിഷാദരോഗത്തിന്റെ മറ്റൊരു കാരണമാണെന്ന് വെസ്റ്റണ്‍ കൂട്ടിച്ചേര്‍ക്കുന്നു.
ദ ജേര്‍ണല്‍ ഓഫ് എപിഡെമിയോളജി ആന്റ് കമ്യൂണിറ്റി ഹെല്‍ത്ത് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 11,215 പുരുഷന്മാരേയും 12,188 സ്ത്രീകളെയും ഗവേഷണ സംഘം പഠനത്തിനായി ഉള്‍പ്പെടുത്തിയിരുന്നു. വാരാന്ത്യദിനങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നത് സ്ത്രീകളെപ്പോലെ പുരുഷന്മാരിലും മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുന്നുവെന്നും പഠനത്തില്‍ തെളിഞ്ഞു. പുരുഷന്മാരില്‍ ഈ വിഷാദരോഗത്തിന്റെ തോത് 3.4 ശതമാനമാണെങ്കില്‍ സ്ത്രീകളില്‍ 4.6 ശതമാനമാണെന്ന് മാത്രം.
പഠനത്തിന്റെ ഭാഗമായ പകുതി സ്ത്രീകളും വാരാന്ത്യങ്ങളില്‍ ജോലിയെടുക്കാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ മൂന്നില്‍ രണ്ട് പുരുഷന്മാര്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ജോലി ചെയ്യേണ്ടി വരുന്നത്. മാത്രമല്ല, ഇവരില്‍ നിന്നുള്ള ജോലി സംബന്ധമായ ഫലം കുറവാണെന്നതും ഇവര്‍ തങ്ങളുടെ ജോലിയില്‍ അസംതൃപ്തരാണെന്നതും ഇവര്‍ക്ക് ജോലിക്ക് ലഭിക്കുന്ന കൂലി, മറ്റുള്ളവരെ അപേക്ഷിച്ച് താരതമ്യേന കുറവാണെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.
''ഞങ്ങളുടെ ഈ പഠനം കമ്പനികളുടെയും തൊഴില്‍ദാതാക്കളുടെയും കണ്ണ് തുറപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വെസ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു. എങ്ങനെ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് പിന്തുണ നല്‍കാമെന്നതും, തൊഴിലുമായി ബന്ധപ്പെട്ട അവരുടെ ബുദ്ധിമുട്ടുകള്‍ എങ്ങനെ ലഘൂകരിക്കാമെന്നതും അവര്‍ ജോലി ചെയ്യേണ്ടി വരുന്ന അധിക മണിക്കൂറുകള്‍ കുറച്ച് ജോലിയുമായി ബന്ധപ്പെട്ടുള്ള അവളുടെ കഴിവുകള്‍ പൂര്‍ണ അര്‍ത്ഥത്തില്‍ ഉപയോഗപ്പെടുത്താനുള്ള സാധ്യതകളാണ് ഇനി തൊഴില്‍ദാതാക്കള്‍ തേടേണ്ടതെന്നും വെസ്റ്റണ്‍ കൂട്ടിച്ചേര്‍ത്തു. തൊഴിലിടങ്ങള്‍ ഇത്തരത്തില്‍ മാറുന്നത് തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഗുണമേ ചെയ്യുകയുള്ളൂവെന്നും അവര്‍ പറയുന്നു.
Adjust Story Font
16