Quantcast

ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യുന്നവരാണോ നിങ്ങൾ? കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ

നിങ്ങൾക്ക് ലോകത്തിന്‍റെ നെറുകയിൽ എത്തണമെങ്കിൽ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്നാണ് എൽ ആന്‍റ് ടി ചെയർമാൻ എസ്.എൻ സുബ്രഹ്മണ്യം പറഞ്ഞത്

MediaOne Logo

Web Desk

  • Published:

    10 Jan 2025 12:31 PM GMT

ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യുന്നവരാണോ നിങ്ങൾ? കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ
X

ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്ന എൽ ആന്‍റ് ടി ചെയർമാൻ എസ്.എൻ സുബ്രഹ്മണ്യത്തിന്റെ അഭിപ്രായം വൈറലായതോടെ അതിന്റെ ഗുരുതര പ്രത്യാഘാതങ്ങൾ ചർച്ചയാവുകയാണ്. ആഴ്ചയിൽ 90 മണിക്കൂർ അതായത് ഒരു ദിവസം 13 മണിക്കൂർ ജോലി ചെയ്യുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പഠനം അനുസരിച്ച് ആഴ്ചയിൽ 55 മണിക്കൂറോ അതിൽ കൂടുതലോ ജോലി ചെയ്യുന്നത് ഹൃദയാഘാത സാധ്യത 35 ശതമാനവും ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത 17 ശതമാനവും വർദ്ധിപ്പിക്കുന്നു. മോശം ഉറക്കം, വിശ്രമമില്ലായ്മ, തുടങ്ങിയ അനാരോഗ്യകരമായ ജീവിത ശീലങ്ങൾ ഉയർന്ന രക്തസമ്മർദത്തിന് കാരണമാവുന്നു. ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയ്ക്കുള്ള പ്രധാന അപകട ഘടകമാണ് വിട്ടുമാറാത്ത ഉയർന്ന രക്തസമ്മർദ്ദം.

ദീർഘനേരം ജോലി ചെയ്യുന്നത് പ്രമേഹ രോ​ഗത്തിനുള്ള സാധ്യതയും വർധിപ്പിക്കുന്നു. കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകൾ പഞ്ചസാരയെ വിഘടിപ്പിക്കാനുള്ള ശരീരത്തിൻ്റെ കഴിവിനെ ഇല്ലാതാക്കുകയും കൊഴുപ്പും പേശി കോശങ്ങളും ഇൻസുലിനോടുള്ള സംവേദനക്ഷമത കുറയ്ക്കുകയും ചെയ്യുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്നു. ഉയർന്ന കോർട്ടിസോൾ ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും.

ആഴ്ചയിൽ 45 മണിക്കൂറോ അതിൽ കൂടുതലോ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആഴ്ചയിൽ 35-40 മണിക്കൂർ ജോലി ചെയ്യുന്നവരേക്കാൾ പ്രമേഹ സാധ്യത കൂടുതലാണ് എന്ന് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആഴ്ചയിൽ 35-40 മണിക്കൂർ ജോലി ചെയ്യുന്നവരേക്കാൾ ആഴ്ചയിൽ 52 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവർക്ക് പ്രമേഹ സാധ്യത കൂടുതലാണെന്ന് മറ്റൊരു പഠനവും കണ്ടെത്തിയിട്ടുണ്ട്.

നിരന്തരമായ സമ്മർദ്ദവും ക്ഷീണവും ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് നയിച്ചേക്കാം. ഇതും ഹൃദയാഘാതത്തിന് കാരണമാവുന്നു.

നിങ്ങൾക്ക് ലോകത്തിന്‍റെ നെറുകയിൽ എത്തണമെങ്കിൽ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യണമെന്നാണ് സുബ്രഹ്മണ്യൻ പറഞ്ഞത്. 'ഞായറാഴ്ചകളിൽ നിങ്ങളെ ജോലി ചെയ്യിക്കാൻ സാധിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. അതിന് സാധിച്ചാൽ ഞാൻ കൂടുതൽ സന്തോഷവാനായിരിക്കും. കാരണം ഞാൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നുണ്ട്. വീട്ടിലിരുന്ന് നിങ്ങൾ എന്താണ് ചെയ്യുന്നത്? എത്രനേരം നിങ്ങൾ നിങ്ങളുടെ ഭാര്യയെ നോക്കിയിരിക്കും? എത്രനേരം നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ നോക്കിയിരിക്കും? ഓഫിസിൽ വന്ന് ജോലിയെടുക്കൂ'-എന്നാണ് സുബ്രഹ്മണ്യൻ ജീവനക്കാരോട് പറഞ്ഞത്.

TAGS :
Next Story