കുഞ്ഞിന് പനിയാണോ.. ടെൻഷൻ വേണ്ട, കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല ഭക്ഷണങ്ങൾ ഇതാ..
എളുപ്പത്തിൽ കഴിക്കാൻ സാധിക്കുന്നതും ശരീരത്തിന് ഗുണം ചെയ്യുന്നതുമായ ആഹാരങ്ങൾ വേണം തെരഞ്ഞെടുക്കാൻ
കുഞ്ഞിന് പനിയാണ്.. ഈ സമയത്ത് എന്ത് ഭക്ഷണമാണ് കൊടുക്കുക? മിക്ക മാതാപിതാക്കളുടെയും ആശങ്കയിതാണ്. പനിയുള്ള കുഞ്ഞിനെ പരിചരിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഈ സമയം കഴിക്കുന്ന ഭക്ഷണം അവരുടെ പ്രതിരോധശേഷിയെ അടക്കം ബാധിക്കും. ഈ അവസ്ഥയിൽ കൊടുക്കേണ്ട ഭക്ഷണത്തെ കുറിച്ച് പല മാതാപിതാക്കൾക്കും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.
പനിക്കാലത്ത് വായ്ക്ക് രുചി നഷ്ടപ്പെടുമെന്നതിനാൽ കുഞ്ഞുങ്ങൾക്ക് ഭക്ഷണം കഴിക്കാൻ പൊതുവേ മടിയായിരിക്കും. അവർക്ക് എളുപ്പത്തിൽ കഴിക്കാൻ സാധിക്കുന്നതും അതുപോലെ തന്നെ ശരീരത്തിന് ഗുണം ചെയ്യുന്നതുമായ ആഹാരങ്ങൾ വേണം തെരഞ്ഞെടുക്കാൻ. കുഞ്ഞുങ്ങളെ അസുഖം മാറ്റി മിടുക്കരാക്കാൻ പറ്റിയ കുറച്ച് ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കിയാലോ..
മുലപ്പാൽ
മുലപ്പാല് കുടിക്കുന്ന കുട്ടിയാണെങ്കിൽ അതിനേക്കാൾ നല്ല ഭക്ഷണം വേറെയില്ലെന്ന് തന്നെ പറയാം. ഒരു വയസിൽ താഴെയുള്ള കുട്ടിക്ക് മുലപ്പാൽ കൊടുക്കുക. എന്തെങ്കിലും അണുബാധയുടെ ലക്ഷണങ്ങൾ കുഞ്ഞിനുണ്ടെങ്കിൽ മുലപ്പാൽ തന്നെയാണ് ഉത്തമം. കാരണം, മുലപ്പാലിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡികൾ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ തടയും. കൂടാതെ, പനിയുണ്ടാക്കുന്ന അസ്വസ്ഥതകളിൽ നിന്ന് കുഞ്ഞുങ്ങൾക്ക് ആശ്വാസം നൽകുകയും ചെയ്യും.
ചിക്കൻ സൂപ്പ്
മൂന്ന് വയസിന് മുകളിലുള്ള കുട്ടികളാണെങ്കിൽ ചിക്കൻ സൂപ്പ് നൽകുന്നത് നല്ലതാണ്. ശരീരത്തിലെ മൊത്തം ജലാംശം നിലനിർത്താൻ ഇത് സഹായകമാകും. ശരീരതാപനില കുറയ്ക്കാനും വിഷവസ്‌തുക്കളെ പുറന്തള്ളാനും ചിക്കൻ സൂപ്പിലൂടെ സാധിക്കും. ധാരണം പ്രോട്ടീൻ അടങ്ങിയതിനാൽ പെട്ടെന്നുള്ള ശമനം പ്രതീക്ഷിക്കാവുന്നതാണ്.
പഴങ്ങളും പച്ചക്കറികളും
പനിയുളളപ്പോൾ മാത്രമല്ല എല്ലായ്‌പ്പോഴും പഴങ്ങളും പച്ചക്കറികളും ശരീരത്തിന് ഗുണകരമാണ്. ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കാൻ നന്നായി പാകം ചെയ്‌ത പച്ചക്കറികൾ മാത്രം കുഞ്ഞുങ്ങൾക്ക് നൽകുക.
വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ഇവ രോഗപ്രതിരോധത്തിന് സഹായിക്കും. ഫ്രഷ് ജ്യൂസുകൾ ആയും പഴങ്ങൾ നൽകുന്നത് വളരെ നല്ലതാണ്. ഭക്ഷണം കഴിക്കാൻ തുടങ്ങിയ കുഞ്ഞുങ്ങളാണെങ്കിൽ ഇവർക്ക് പഴങ്ങൾ മുലപ്പാലിൽ കലർത്തി നൽകാവുന്നതാണ്.
കരിക്ക്
ശരീരത്തിന്റെ ജലാംശം നിലനിർത്തുകയാണ് പ്രധാനം. അതിന് കരിക്കിൻ വെള്ളം അല്ലെങ്കിൽ തേങ്ങാവെള്ളം മികച്ചൊരു ഓപ്‌ഷനാണ്. പനിക്കൊപ്പം വയറിളക്കവുമുണ്ടെങ്കിൽ കുഞ്ഞുങ്ങളെ കരിക്കിൻ വെള്ളം നൽകുക. തേൻ, ഓട്സ് മിൽക്ക് തുടങ്ങിയവയും ഗുണംചെയ്യും.
ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുകയാണ് നല്ലത്. ചുവന്ന മാംസം, കക്കയിറച്ചി എന്നിവ അടുപ്പിക്കരുത്. ഐസ്ക്രീമും ചോക്ലേറ്റ്സും കുഞ്ഞുങ്ങളുടെ കണ്ണിൽ പെടരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അതേസമയം, പനി ഒരു രോഗമല്ല രോഗലക്ഷണമാണെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. എന്തെങ്കിലും അലർജി മൂലമോ അണുബാധ മൂലമോ കുഞ്ഞുങ്ങൾക്ക് പനിയുണ്ടാകാം. പനിയുള്ള സമയങ്ങളിൽ തൊണ്ടവേദന, ചൂട് തുടങ്ങിയവ കുഞ്ഞുങ്ങളിൽ അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം. ഇത് സംബന്ധിച്ച് അമിതമായ ടെൻഷൻ വേണ്ട. ഡോക്ടർമാരുടെ സേവനം തേടുക. ചൂട് കുറയുന്നില്ലെങ്കിൽ നിർബന്ധമായും ആശുപത്രിയിൽ കൊണ്ടുപോവുക. കൃത്യ സമയത്ത് മരുന്ന് കഴിക്കുന്നതിനൊപ്പം പോഷകാഹാരങ്ങളും നൽകാൻ ശ്രദ്ധിക്കുമല്ലോ..!
Adjust Story Font
16