കൗമാരക്കാർക്കായി ഒരു വാക്‌സിൻകൂടി; കോർബെവാക്‌സിന് അടിയന്തര ഉപയോഗാനുമതി
'ബയോളജിക്കൽ ഇ'യുടെ കോവിഡ് വാക്‌സിൻ കുട്ടികൾക്കു പുറമെ ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും നൽകാനാകും
കൗമാരക്കാർക്ക് നൽകാവുന്ന ഒരു വാക്‌സിനുകൂടി രാജ്യത്ത് അനുമതി. 'ബയോളജിക്കൽ ഇ'യുടെ കോർബെവാക്‌സിനാണ് കേന്ദ്രത്തിന്റെ അടിയന്തര ഉപയോഗാനുമതി(ഇ.യു.എ) ലഭിച്ചിരിക്കുന്നത്. 12 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും ഈ വാക്‌സിൻ നൽകാമെന്ന് കവിഞ്ഞ ഡിസംബറിൽ ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡി.സി.ജി.ഐ) ശുപാർശ ചെയ്തിരുന്നു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആർ.ബി.ഡി പ്രോട്ടീൻ സബ് യൂനിറ്റ് വാക്‌സിനാണ് കോർബെവാക്‌സ്. ശരീരത്തിലെ കോശങ്ങളിലേക്കും മറ്റ് ശരീരഭാഗങ്ങൡലേക്കും പ്രവേശിക്കാൻ സൗകര്യം ചെയ്യുന്ന വൈറസിന്റെ ഏറ്റവും സുപ്രധാന ഭാഗമാണ് റെസിപ്റ്റർ ബൈൻഡിങ് ഡൊമൈൻ എന്നു വിളിക്കപ്പെടുന്ന ആർ.ബി.ഡി. വൈറസ് ബാധ തടയാനും പരിചരിക്കാനുമായി പ്രാഥമികമായി പരിഗണിക്കുന്ന ഭാഗങ്ങൾ കൂടിയാണിത്.
ശ്രദ്ധേയമായ ഈ പുരോഗതിയിൽ സന്തുഷ്ടരാണെന്ന് ബയോളജിക്കൽ ഇ മാനേജിങ് ഡയരക്ടർ മഹിമ ദത്‌ല പ്രസ്താവനയിൽ പറഞ്ഞു. 12-18 പ്രായക്കാരിലേക്കും ഞങ്ങളുടെ വാക്‌സിൻ എത്തിക്കാൻ ഇത് സഹായിക്കും. ഈ അംഗീകാരത്തോടെ കോവിഡിനെതിരായ നമ്മുടെ ആഗോളപോരാട്ടങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് കൂടുതൽ അടുക്കാനാകുമെന്നാണ് വിശ്വാസമെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിൽ ഭാരത് ബയോടെക്കിന്റെ കോവാക്‌സിനാണ് കുട്ടികൾക്ക് നൽകിവരുന്നത്. 15 മുതൽ 18 വരെ പ്രായക്കാർക്കാണ് ഈ വാക്‌സിൻ നൽകുന്നത്. കഴിഞ്ഞ ജനുവരി മൂന്നുമുതലാണ് കുട്ടികളിൽ കുത്തിവയ്ക്കാനായി കോവാക്‌സിന് അനുമതി ലഭിച്ചത്.
ഹൈദരാബാദ് കേന്ദ്രമായുള്ള ഇന്ത്യയിലെ ആദ്യ സ്വകാര്യ മേഖലാ ജൈവ ഉൽപന്ന കമ്പനിയാണ് ബയോളജിക്കൽ ഇ. 1953ൽ സ്ഥാപിതമായ കമ്പനി ദക്ഷിണേന്ത്യയിലെ ആദ്യ മരുന്നു നിർമാതാക്കളുമാണ്.
Summary: A second COVID-19 vaccine for children, Biological E Ltd's Corbevax has got emergency use authorization(EUA) for adolescents between 12 and 18 years in India
Adjust Story Font
16